Latest NewsNewsInternational

കോവിഡ് വ്യാപനത്തിനിടയിലും തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കാന്‍ ചൈന

 

ബീജിംഗ്: കോവിഡ് രണ്ടാം തരംഗം തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആഞ്ഞടിക്കുമ്പോള്‍ അവസരം മുതലാക്കി ചൈന അവരുടെ സ്വാധീനം ഉറപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പ്രകടമായ ഉദാഹരണം കാണുന്നത് ശ്രീലങ്കയിലാണ്. ഇവിടെ കോവിഡ് രണ്ടാം തരംഗത്തിനിടയില്‍ വന്‍തോതില്‍ സഹായഹസ്തം നീട്ടുകയാണ് ചൈന. ശ്രീലങ്കയില്‍ ഇപ്പോള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുകയാണ്. ദിവസേന 3,000 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസത്തേക്കാള്‍ ആയിരം ശതമാനം വര്‍ധനയാണ് രോഗനിരക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2.1 കോടി ജനങ്ങളുള്ള ഈ ദ്വീപരാഷ്ട്രം കോവിഡ് രണ്ടാം തരംഗത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ വിഷമിക്കുകയാണ്.

ശ്രീലങ്ക നേരത്തെ വാക്സിനേഷന് വേണ്ടി ആശ്രയിച്ചിരുന്നത് ഇന്ത്യയില്‍ നിന്നുള്ള കോവാക്സിനെയാണ്. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി വഷളായതോടെ വാക്സിനുകള്‍ അയക്കാവുന്ന സ്ഥിതിയല്ല. ഇവിടെയാണ് ചൈന കടന്നുവരുന്നത്. വന്‍തോതില്‍ വാക്സിനുകളും, പിപിഇ കിറ്റുകളും ഫേസ് മാസ്‌കുകളും ടെസ്റ്റിംഗ് കിറ്റുകളും ചൈന ശ്രീലങ്കയില്‍ വിതരണം ചെയ്യുന്നു. റഷ്യയുമായി ചേര്‍ന്ന് ശ്രീലങ്കയിലെ വാക്സിന്റെ കുറവ് നികത്താനും ചൈന ശ്രമിക്കുന്നു. ശ്രീലങ്കയ്ക്ക് ചൈന 11 ലക്ഷം സിനോഫാം വാക്സിനുകള്‍ വിതരണം ചെയ്തു. ഇതോടെ ശ്രീലങ്കയില്‍ വീണ്ടും വാക്സിന്‍ നല്‍കിത്തുടങ്ങി.

മഹാമാരിയില്‍ പിടിച്ചുനില്‍ക്കാനാവാതെ തകരുന്ന ശ്രീലങ്കയ്ക്ക് ധനസഹായവും ചൈന എത്തിച്ചുകൊടുക്കുന്നു. ഇതെല്ലാം ശ്രീലങ്കയുടെ മേലുള്ള ചൈനയുടെ പിടി മുറുക്കുക തന്നെ ചെയ്യും. ശ്രീലങ്കയെപ്പോലെ ചൈന സഹായമെത്തിക്കുന്ന മറ്റ് രാജ്യങ്ങള്‍ നേപ്പാള്‍, പാകിസ്ഥാന്‍ , ബംഗ്ലാദേശ് എന്നിവയാണ്. ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുടെ അവിഭാജ്യഘടകം കൂടിയാണ് ഈ രാഷ്ട്രങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button