തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്കായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ പന്തല്‍ വാക്‌സിനേഷന്‍ കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനം. ഇത് സംബന്ധിച്ച് ഇന്ന് ഉത്തരവ് ഇറക്കും. 80000 സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ള കൂറ്റന്‍ പന്തലിന് 5000 പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. നല്ല വായു സഞ്ചാരം കിട്ടുന്ന സ്ഥലമാണ്. നിലവിലെ സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ തല്‍ക്കാലം കായിക പരിപാടികള്‍ നടക്കാനില്ലാത്തതിനാല്‍ ഈ പന്തല്‍ വാക്‌സിനേഷനായി ഉപയോഗിച്ചാല്‍ തിരക്ക് ഒഴിവാക്കാം.
കൊവിഡ്-19 പശ്ചാത്തലത്തില്‍ പന്തല്‍ പൊളിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡോ.എസ്എസ് ലാല്‍ ആവശ്യപ്പെട്ടിരുന്നു. പന്തല്‍ കൊവിഡ് വാക്സിനേഷനായി ഉപയോഗിക്കണമെന്നാണ് എസ്എസ് ലാലിന്റെ നിര്‍ദ്ദേശം. പന്തല്‍ വാക്സിനേഷന് നല്‍കിയാല്‍ വാക്സിന്‍ ചലഞ്ചിനായി സര്‍ക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
ഇനിയാ പന്തല്‍ പൊളിക്കരുത്,
മന്തിസഭയുടെ സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ നടക്കാന്‍ പോകുകയാണ്. ഇക്കാര്യത്തില്‍ ഇനി പരിഭവിച്ചിട്ട് കാര്യമില്ല. ജനങ്ങള്‍ക്ക് കിട്ടാനുള്ള സന്ദേശം കിട്ടിക്കഴിഞ്ഞു. അതിനി തിരുത്താനും കഴിയില്ല.
ഒരു നിര്‍ദ്ദേശമുണ്ട്. നടപ്പാക്കിയാല്‍ ജനങ്ങള്‍ക്ക് ഉപയോഗപ്പെടും. സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ എണ്‍പതിനായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ള കൂറ്റന്‍ പന്തലിന് അയ്യായിരം പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് അറിയുന്നത്. നല്ല വായു സഞ്ചാരം കിട്ടുന്ന വിശാലമായ പന്തല്‍. സ്റ്റേഡിയത്തില്‍ തല്‍ക്കാലം കായിക പരിപാടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഈ പന്തല്‍ തല്‍ക്കാലം പൊളിച്ചു കളയരുത്. ഈ പന്തല്‍ കൊവിഡ് വാക്സിനേഷനായി ഉപയോഗിക്കണം. പ്രത്യേകിച്ച് വൃദ്ധര്‍ക്ക് വരാനായി. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൃദ്ധരുള്‍പ്പെടെ തിക്കിത്തിരക്കിയാണ് വാക്സിനേഷന്‍ സ്വീകരിക്കാനെത്തിയത്. ആ തിരക്ക് തന്നെ പലര്‍ക്കും രോഗം കിട്ടാന്‍ കാരണമായിക്കാണും.
പന്തല്‍ വാക്സിനേഷന് നല്‍കിയാല്‍ വാക്സിന്‍ ചലഞ്ചിനായി സര്‍ക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാം.
Post Your Comments