ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പരിശോധന ശക്തമാക്കി സൈന്യം. ഇതിന്റെ ഭാഗമായി കുപ് വാരയില്‍ രണ്ട് ഭീകരര്‍ പിടിയിലായി. വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ സൈന്യത്തിന്റെ പിടിയിലായത്.
കവാര്‍പാറ തംഗ്ധര്‍ സ്വദേശികളായ ജഹാംഗീര്‍ അഹമ്മദ് ജഹാന്‍, അബ്ദുള്‍ ഹമീദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും ഉഗ്ര സ്‌ഫോടക ശേഷിയുള്ള ആറ് ഗ്രനേഡുകള്‍, തോക്കുകള്‍, പത്തോളം വെടിയുണ്ടകള്‍ എന്നിവ പിടിച്ചെടുത്തു. ഭീകരര്‍ ചെക്ക് പോസ്റ്റ് വഴി എത്താന്‍ സാധ്യതയുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ചെക്ക് പോയിന്റില്‍ എത്തിയ ഭീകരര്‍ സൈന്യത്തെ കണ്ടതോടെ ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇരുവരെയും സുരക്ഷാ സേന പിന്തുടര്‍ന്ന് അതിസാഹസികമായി പിടികൂടുകയായിരുന്നു. പിടിയിലായവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം സുരക്ഷാ സേന പൂഞ്ചില്‍ നടത്തിയ പരിശോധനയിലും ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. വീടിന്റെ പരിസരത്ത് ഒളിപ്പിച്ച നിലയില്‍ രണ്ട് വിദേശ നിര്‍മ്മിത പിസ്റ്റലുകളും വെടിയുണ്ടകളുമാണ് കണ്ടെടുത്തത്.
Post Your Comments