തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറച്ച് സർക്കാർ. കോവിഡ് വൈറസ് വ്യാപനത്തിനിടയിലും 500 പേരെ പങ്കെടുപ്പിച്ച് കൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിനെതിരെ വിവിധ കോണുകളിൽ നിന്നും എതിർപ്പ് ഉയർന്നതോടെയാണ് ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ സർക്കാർ തയ്യാറായത്. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 240 പേർക്കുള്ള കസേരകൾ മാത്രമാകും ഉണ്ടാകുക.
ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കണം സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്തേണ്ടതെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം 240 ആയി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.
800 പേരെ പങ്കെടുപ്പിച്ചു കൊണ്ട് സത്യപ്രതിജ്ഞ നടത്താനായിരുന്നു ആദ്യം സർക്കാർ പദ്ധതിയിട്ടിരുന്നത്. എതിർപ്പുകൾ ശക്തമായതോടെ ആളുകളുടെ എണ്ണം 500 ആയി കുറയ്ക്കുകയായിരുന്നു. എന്നാൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്ത് 500 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ ശക്തമായ വിമർശനം ഉയർന്നു. ഇതോടെയാണ് ആളുകളുടെ എണ്ണം കുറയ്ക്കാമെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.
Read Also: സബ്‌സിഡി നൽകാൻ 95,000 കോടി; കർഷകർക്ക് കൈത്താങ്ങായി കേന്ദ്രം
Post Your Comments