രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യ വകുപ്പ് കൈക്കാര്യം ചെയ്യുക വീണ ജോർജ് ആണ്. രാഷ്ട്രീയത്തിൽ സജീവമാകുന്നതിനു മുൻപ് മാധ്യമപ്രവർത്തകയായിരുന്നു വീണ. മന്ത്രിസ്ഥാനം ലഭിച്ച വീണയ്ക്ക് അഭിനന്ദനങ്ങളുമായി മുൻസഹപ്രവർത്തകരും രംഗത്തുണ്ട്. വീണയുമായുള്ള അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് മുൻസഹപ്രവർത്തകയും മാധ്യമപ്രവർത്തകയുമായ ശ്രീജ ശ്യാം. ശ്രീജയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഈ ഫോട്ടോ കാണുന്നത് വരെ വീണചേച്ചിയെ പറ്റി എന്തെങ്കിലും എഴുതണം എന്നോർത്തിരുന്നില്ല!
പക്ഷെ മനസ്സിന്റെ ഫ്രെയ്മിൽ എപ്പോഴുമുള്ള ഈ ദൃശ്യം കണ്ടപ്പോ എഴുതാതെ വയ്യ!
ഇത് അന്നത്തെ ഞങ്ങളുടെ സ്ഥിരം കാഴ്ചയായിരുന്നു,
മക്കളുടെ കയ്യും പിടിച്ചുള്ള ഈ വരവ്!
അതിനും മുൻപ് മോൻ കുഞ്ഞായിരുന്നപ്പോ അന്നക്കുട്ടിയേം കൊണ്ട്..
അമ്മ വാർത്ത വായിച്ച് തീരണത് വരെ സ്റ്റുഡിയോയുടെ മൂലയിൽ ഒരു അനക്കം പോലും ഇല്ലാതെ ഇരിക്കുന്ന ആ കുഞ്ഞ് ഇന്നും ഒരത്ഭുതം ആണ്!
അവളുടെ അമ്മയും അങ്ങനെയാണ്, ശാന്തമായി,എല്ലാവരോടും നിറഞ്ഞ സ്നേഹത്തോടെ, ചിരിച്ചുകൊണ്ടല്ലാതെ ആർക്കും കാണാൻ കഴിയില്ല…
“എടാ…….” എന്ന ആ നീട്ടിവിളിയിൽ മുഴുവൻ സ്നേഹമായിരുന്നു!
പിന്നെ ഞങ്ങൾ എല്ലാ ഇന്ത്യാവിഷൻകാരെയും പോലെ പലവഴിക്കായി!
ചേച്ചി തീർത്തും വ്യത്യസ്തമായ വേറൊരു വഴി പോയി, അവിടെയും തിളങ്ങി!
അന്ന് വീടും കുടുംബവും കുഞ്ഞുങ്ങളും ജോലിയും ഒക്കെ നല്ല മിടുമിടുക്കി ആയി ഓടിനടന്നു മാനേജ് ചെയ്തിരുന്ന ആ സ്വീറ്റ് ഹാർട്ട് വീണചേച്ചിയാണ് മറ്റന്നാൾ മന്ത്രി ആവുന്നത്! അങ്ങനെ ഒരു മന്ത്രിയെ ചേച്ചീന്നു വിളിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും കിട്ടുകയാണ് !
എം എൽ എ ആയതിനുശേഷം ഞങ്ങൾ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല! എപ്പോഴെങ്കിലും അപ്രതീക്ഷിതമായി മുന്നിൽ വരുമെന്നാണ് പ്രതീക്ഷ, അപ്പോഴത്തെ “എടാ …..” എന്ന വിളി ഇപ്പൊ തന്നെ ചെവിയിലുണ്ട് !
ഞങ്ങളുടെ പ്രിയപ്പെട്ട ചേച്ചി, നിയുക്ത മന്ത്രി വീണ ജോർജിന് ആശംസകൾ
Post Your Comments