തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് ദുരിതത്തിലായ ക്ഷീര കര്‍ഷകരെ സഹായിക്കാനൊരുങ്ങി മില്‍മ. ഇതിന്റെ ഭാഗമായി മില്‍ക്ക് ചലഞ്ച് എന്ന ആശയമാണ് മില്‍മ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ പ്രതിദിനം അര ലിറ്റര്‍ പാല്‍ അധികമായി വാങ്ങിയാല്‍ കോവിഡ് കാലത്ത് ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്ന് മില്‍മ അറിയിച്ചു.
ലോക്ക് ഡൗണ്‍ ആയതിനാല്‍ ക്ഷീര കര്‍ഷകര്‍ ഉത്പ്പാദിപ്പിക്കുന്ന പാലിന്റെ 60 ശതമാനം മാത്രമാണ് വിറ്റഴിക്കാന്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ സാമ്പത്തിക ശേഷിയുള്ളവര്‍ അര ലിറ്റര്‍ പാല്‍ എങ്കിലും അധികമായി വാങ്ങാന്‍ തയ്യാറായാല്‍ ക്ഷീര കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധിയ്ക്ക് കുറച്ചെങ്കിലും പരിഹാരമാകുമെന്നാണ് മില്‍മയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് മില്‍ക്ക് ചലഞ്ചുമായി മില്‍മ മുന്നോട്ടുവന്നിരിക്കുന്നത്.
കേരളത്തിലെ 3500ല്‍ പരം വരുന്ന ക്ഷീര സഹകരണ സംഘങ്ങളിലെ എട്ടു ലക്ഷത്തോളം ക്ഷീര കര്‍ഷകരില്‍ നിന്നും മൂന്ന് മേഖല യൂണിയനുകള്‍ വഴി മില്‍മ പ്രതിദിനം 16 ലക്ഷം ലിറ്ററില്‍ അധികം പാല്‍ സംഭരിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാരണം പ്രതിദിനം സംഭരിക്കുന്ന നാല് ലക്ഷം ലിറ്ററിലധികം പാല്‍ അധികമാണെന്ന് മില്‍മ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മലബാറില്‍ ക്ഷീര സംഘങ്ങള്‍ വഴിയുള്ള പാല്‍ സംഭരണത്തിന് മില്‍മ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Post Your Comments