പാലക്കാട്; മനോദൗർബല്യമുള്ള ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. പാലക്കാട് മലമൽക്കാവ് സ്വദേശിയായ പുളിക്കൽ സിദ്ദീഖിന്റെ(58) മരണത്തിൽ ഭാര്യ ഫാത്തിമ (45) ആണ് അറസ്റ്റിലായിരിക്കുന്നത്. സിദ്ദിഖിനെ കഴുത്തിൽ പുതപ്പു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു ഉണ്ടായത്. സംസ്കാരച്ചടങ്ങുകൾ നടത്താൻ വീട്ടുകാർ തിടുക്കം കാണിക്കുന്നതിൽ സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിക്കുകയുണ്ടായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്.
സിദ്ദീഖ് മരിച്ചതായി തിങ്കളാഴ്ച പുലർച്ചെയാണു നാട്ടുകാർ വിവരം അറിയുന്നത്. സംസ്കാരം നടത്താനുള്ള തിരക്കു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തൃത്താല പൊലീസിനെ വിവരമറിയിക്കുകയുണ്ടായി. കബറടക്കം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട പൊലീസ് മൃതദേഹം പാലക്കാട്ടെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി. കഴുത്തിൽ തുണി പോലുള്ള വസ്തു മുറുകിയാണു മരണമെന്നു കണ്ടെത്തുകയായിരുന്നു. തുടർന്ന് ഭാര്യ ഫാത്തിമയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
മനോദൗർബല്യമുള്ള ഭർത്താവുമൊത്തു തുടർജീവിതം സാധ്യമാകാത്തതാണു കൊലപാതകത്തിനു കാരണമെന്ന് ഇവർ നൽകിയ മൊഴിയിൽ പറയുന്നു. സിദ്ദീഖിനെ വീടിന്റെ മുൻവശത്തു കിടത്താൻ പലതവണ ശ്രമിച്ചിട്ടും അനുസരിക്കാതെ തിണ്ണയിൽ കയറി നിന്നപ്പോൾ താഴെ തള്ളിയിട്ടു കൈകൊണ്ടു മുഖം പൊത്തി കഴുത്തിൽ പുതപ്പു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഫാത്തിമ നൽകിയ മൊഴിയിൽ പറയുന്നത് . പുതപ്പ് വീടിനു സമീപത്തു നിന്നു പോലീസ് കണ്ടെടുത്തു. എന്നാൽ അതേസമയം , മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായം ഇവർക്കു ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments