ന്യൂഡല്‍ഹി: 18 വയസില്‍ താഴെയുള്ള കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അടുത്ത 10-12 ദിവസത്തിനുള്ളില്‍ പരീക്ഷണം ആരംഭിക്കുമെന്ന് നീതി ആയോഗ് അംഗം വി.കെ.പോള്‍ അറിയിച്ചു. 2,3 ഘട്ട പരീക്ഷണങ്ങള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അടുത്തിടെ കൊവാക്‌സിന് അനുമതി നല്‍കിയിരുന്നു.
രണ്ട് മുതല്‍ 18 വരെ പ്രായമുള്ളവരിലെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് മെയ് 13നാണ് അനുമതി ലഭിച്ചത്. വിവിധ സ്ഥലങ്ങളിലായി 525 പേരിലാണ് പരീക്ഷണം നടത്തുക. കൊവാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണ ഫലങ്ങള്‍ പരിശോധിച്ച ശേഷമാണ് രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയിലെ വിദഗ്ധ സമിതി അനുമതി നല്‍കിയത്. മൂന്നാം ഘട്ട പരീക്ഷണത്തിന് മുന്‍പ് രണ്ടാം ഘട്ട പരീക്ഷണത്തിലെ സുരക്ഷാ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ എയിംസ്, പാട്‌നയിലെ എയിംസ്, നാഗ്പുര്‍ മെഡിട്രിന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുക. നിലവില്‍ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കുന്നത്. ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക്കാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്.
Post Your Comments