ന്യൂഡല്‍ഹി: അമേരിക്കന്‍ ഉപരോധത്തെ തുടർന്ന് ഇറാനിലെ വാതകപ്പാടം ഇന്ത്യയ്ക്ക് നഷ്‌ടമായി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒ.എന്‍.ജി.സി) വിദേശ നിക്ഷേപക വിഭാഗമായ ഒ.എന്‍.ജി.സി വിദേശ് ലിമിറ്റഡിന് (ഒ.വി.എല്‍) ഇറാനിലുണ്ടായിരുന്ന വാതകപ്പാടത്തിന്റെ കരാറാണ് ഇന്ത്യക്ക് നഷ്‌ടമായത്. ഇറാനോട് ചേര്‍ന്നുള്ള പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ ഫാഴ്‌സി ഓഫ്‌ഷോര്‍ പര്യവേക്ഷണ ബ്ളോക്കില്‍ ഒ.വി.എല്‍ 2008ല്‍ കണ്ടെത്തിയ വാതകപ്പാടമായ ഫര്‍സാദ്-ബിയുടെ കരാറാണ് നഷ്‌ടപ്പെട്ടത്.
അതേസമയം178 കോടി ഡോളറിന് (13,200 കോടി രൂപ) പ്രാദേശിക കമ്പനിയായ പെട്രോപാര്‍സ് ഗ്രൂപ്പിനാണ് ഇറാന്റെ ദേശീയ എണ്ണക്കമ്പനിയായ ദ നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനി (നിയോക്) പുതിയ കരാര്‍ നല്‍കിയത്. ഇതു സംബന്ധിച്ച ധാരണാപത്രം ഇറാന്റെ പെട്രോളിയം മന്ത്രി ബൈജാന്‍ സാംഗനേയുടെ സാന്നിദ്ധ്യത്തില്‍ ടെഹ്‌റാനില്‍ നടന്ന ചടങ്ങില്‍ ഒപ്പുവച്ചെന്ന് ഇറാനിയന്‍ എണ്ണ മന്ത്രാലയത്തിന്റെ വാര്‍ത്തവിഭാഗമായ ഷാന റിപ്പോര്‍ട്ട് ചെയ്‌തു. 23 ട്രില്യണ്‍ ക്യുബിക്-ഫീറ്റ് വാതകശേഖരമാണ് ഫര്‍സാദ്-ബിയില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍, 60 ശതമാനവും വീണ്ടെടുക്കാമെന്നാണ് വിലയിരുത്തല്‍. അഞ്ചുവര്‍ഷത്തേക്ക് പ്രതിദിനം 28 ദശലക്ഷം ക്യുബിക് മീറ്റര്‍ വാതകം ഉത്പാദിപ്പിക്കാനുള്ള കരാറാണ് പെട്രോപാര്‍സിന് ലഭിച്ചത്.
2002ലാണ് ഒ.വി.എല്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ കണ്‍സോര്‍ഷ്യം ഫര്‍സാദ്-ബിയില്‍ പര്യവേക്ഷണത്തിനുള്ള (ഇ.എസ്.സി) നേടിയത്. 2008ല്‍ വാതകപ്പാടം കണ്ടെത്തി. 2009 ജൂണില്‍ കരാര്‍ അവസാനിച്ചെങ്കിലും തുടര്‍ നടപടികള്‍ക്കായി നിയോക്കിന്റെ കീഴിലുള്ള ഇറാനിയന്‍ ഓഫ്‌ഷോര്‍ ഓയില്‍ കമ്പനിക്ക് (ഐ.ഒ.ഒ.സി) മാസ്‌റ്റര്‍ ഡെവലപ്‌മെന്റ് പ്ളാന്‍ സമര്‍പ്പിച്ചു. ഇതിനിടെ ഇറാനുമേല്‍ അമേരിക്കയും യൂറോപ്പും ഉള്‍പ്പെടെ ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ ചര്‍ച്ചകള്‍ നടന്നില്ല. ഈ സാഹചര്യത്തില്‍ പ്രാദേശിക കമ്പനിക്ക് കരാര്‍ നല്‍കാനുള്ള നീക്കത്തിന് നിയോക് തുടക്കമിട്ടതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. എന്നാൽ വാതകപ്പാടം സംബന്ധിച്ച കരാര്‍ പുതുക്കാന്‍ ഇറാനിയന്‍ എണ്ണക്കമ്പനിയായ നിയോക്കുമായി ഇന്ത്യയുടെ ഒ.വി.എല്‍ ചര്‍ച്ചകള്‍ നടത്തവേയാണ് അമേരിക്കയും യൂറോപ്പ്യന്‍ യൂണിയനും ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതോടെ, വാതകപ്പാടം ഇന്ത്യയ്ക്ക് നഷ്‌ടമാവുകയായിരുന്നു.
Post Your Comments