KeralaLatest NewsNews

കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി എന്ന സ്വപ്നം മുളയിലേ നുള്ളിക്കളയാന്‍ ഇതിലൂടെ സിപിഎമ്മിനു കഴിഞ്ഞു; ലതിക സുഭാഷ്

മൂന്ന് വനിതകള്‍ മന്ത്രിമാരാകുന്നു എന്ന സന്തോഷത്തെപ്പോലും നിഷ്പ്രഭമാക്കുന്ന നീക്കമാണ് ഷൈലജ ടീച്ചറെ ഒഴിവാക്കിയതിലൂടെയുണ്ടായത്.

കോട്ടയം: രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ നിന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയെ ഒഴിവാക്കിയ നടപടിയില്‍ പ്രതികരണവുമായി ലതിക സുഭാഷ്. മന്ത്രിമാരെ നിശ്ചയിക്കാനുള്ള സിപിഎമ്മിന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി എന്ന ഒരു പാട് പേരുടെ സ്വപ്നം മുളയിലേ നുള്ളിക്കളയാന്‍ ഇതിലൂടെ സിപിഎമ്മിനു കഴിഞ്ഞുവെന്നും ലതിക സുഭാഷ് പറഞ്ഞു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ശൈലജ ടീച്ചര്‍ മന്ത്രിസഭയിലില്ലെന്ന് ഇപ്പോള്‍ വന്ന വാര്‍ത്തയാണ് ഈ കുറിപ്പിനാധാരം. മന്ത്രിസഭയില്‍ സ്വന്തം പാര്‍ട്ടിയുടെ മന്ത്രിമാരെ നിശ്ചയിക്കാനുള്ള സി.പി.എമ്മിന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പുതുമുഖങ്ങളെയും ചെറുപ്പക്കാരെയുമൊക്കെ മന്ത്രിമാരാക്കുന്നത് നല്ല കാര്യമാണ്.

മൂന്ന് വനിതകള്‍ മന്ത്രിമാരാകുന്നു എന്ന സന്തോഷത്തെപ്പോലും നിഷ്പ്രഭമാക്കുന്ന നീക്കമാണ് ഷൈലജ ടീച്ചറെ ഒഴിവാക്കിയതിലൂടെയുണ്ടായത്.

read also: ഇത് കമ്യൂണിസമല്ല,പിണറായിസം; ശൈലജയെ ഒഴിവാക്കിയതിനെതിരെ പിസി ജോര്‍ജ്

1987-ലെ തെരഞ്ഞെടുപ്പ് കാലത്ത് ‘കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍ ഗൗരി ഭരിച്ചിടും’ എന്ന മുദ്രാവാക്യം കൊണ്ട് ഒരു ജന സമൂഹത്തെ, പ്രത്യേകിച്ച്‌ സ്ത്രീകളെ പ്രതീക്ഷയുടെ കൊടുമുടിയിലെത്തിച്ചിട്ട്, ഇടതു മന്ത്രിസഭ വന്നപ്പോള്‍ ശ്രീമതി ഗൗരിയമ്മയല്ല, ശ്രി.ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായി. അന്ന് സമുദായമാണ് തടസ്സമായതെന്ന് വളരെ വ്യക്തമായി ഗൗരിയമ്മയുള്‍പ്പെടെ പറഞ്ഞതാണ്. സമുദായമൊന്നുമല്ല, പ്രശ്‌നം സ്ത്രീയായതു തന്നെയാണെന്ന് അന്നും ഇന്നും വ്യക്തമാണ്.

ആരോഗ്യമന്ത്രി എന്ന നിലയിലുള്ള ഷൈലജ ടീച്ചറിന്റെ പ്രകടനം ശ്രദ്ധേയവും മികച്ചതുമായിരുന്നു. മറ്റ് പല മന്ത്രിമാരില്‍ നിന്നും വിഭിന്നമായി കഴിഞ്ഞ അഞ്ച് വര്‍ഷവും യാതൊരു വിധ ആക്ഷേപങ്ങളും കേള്‍പ്പിക്കാതെയാണ് ടീച്ചര്‍ ആരോഗ്യവകുപ്പിനെ നയിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ എല്ലാ മേഖലയിലുള്ളവരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഏകോപിപ്പിച്ചു കൊണ്ടുപോകന്നതില്‍ ടീച്ചര്‍ വിജയം വരിച്ചിരുന്നു.

ഇക്കുറി കേരളത്തിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ നിയമസഭാ സ്ഥാനാര്ത്ഥി എന്ന ഖ്യാതിയും അവര്‍ സ്വന്തമാക്കി. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി എന്ന സ്ഥാനത്തേയ്ക്ക് ഷൈലജ ടീച്ചറെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നതുമാണ്. എന്നാല്‍ ഈ കൊവിഡ് കാലത്ത് കൈകാര്യം ചെയ്തിരുന്ന ആരോഗ്യ വകുപ്പ് പൂര്‍വാധികം ഭംഗിയായി കൊണ്ടു പോകുന്നത് ഒഴിവാക്കുക വഴി , കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി എന്ന ഒരു പാട് പേരുടെ സ്വപ്നം മുളയിലേ നുള്ളിക്കളയാന്‍ ഇതിലൂടെ സിപിഎമ്മിനു കഴിഞ്ഞു.

പത്ത് വനിതകളെ ഇക്കുറി സഭയിലെത്തിച്ച ഇടതു മുന്നണിയെ മനസ്സുകൊണ്ട് ഞാനും അഭിനന്ദിച്ചിരുന്നു. ഏറിയും കുറഞ്ഞുമൊക്കെ ഇരിക്കുന്നു എന്ന വ്യത്യാസമുണ്ടെങ്കിലും സ്ത്രീ വിരുദ്ധതയുടെ കാര്യത്തില്‍ രാഷ്ട്രീയ നേതാക്കളായ പുരുഷന്മാരില്‍ ഏറിയ പങ്കും മോശമല്ലെന്ന സത്യം ഇവിടെ വെളിവാകുന്നു.

https://www.facebook.com/lathikasubhashofficial/posts/2802641003320753

shortlink

Related Articles

Post Your Comments

Related Articles


Back to top button