തിരുവനന്തപുരം:മട്ടന്നൂരില്‍ നിന്ന് ചരിത്ര ഭൂരിപക്ഷവുമായിട്ടാണ് കെ.കെ ശൈലജ ഇത്തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയത്. പാര്‍ട്ടി വിപ്പ് എന്ന പദവിയിലേക്ക് ശൈലജ ഒതുക്കപ്പെടുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാരിലും അത് പ്രതിഫലിക്കുമെന്ന് ആശങ്കയിലാണ് ഒരു വിഭാഗം. ഒന്നാം പിണറായി സര്‍ക്കാരിന്റെ നെടുംതൂണായിരുന്നു ആരോഗ്യമന്ത്രിയായി പ്രവര്‍ത്തിച്ച ശൈലജ.
Read Also : ഇനിയിപ്പോൾ മരുമകൻ ഡ്രൈവിംഗ് സീറ്റിലിരുന്ന് ഭരിക്കും, അമ്മായി അപ്പൻ തുടർന്നും ‘ശൂ’ വരയ്ക്കും; പരിഹസിച്ച് ജിത…
മുഖ്യമന്ത്രി ഒഴികെ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരെല്ലാം പുതുമുഖങ്ങളായിരിക്കണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തില്‍ കെ.കെ ശൈലജക്കും മാറിനില്‍ക്കേണ്ടി വന്നിരിക്കുകയാണ്. കെ.കെ ശൈലജയെ ഒഴിവാക്കിയ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടി വേദികളിലും സമൂഹ മാദ്ധ്യമങ്ങളിലും ചര്‍ച്ചകള്‍ സജീവമാണ്. തീരുമാനം അപ്രതീക്ഷിതമാണെങ്കിലും പുതിയ നേതൃനിര കെട്ടിപ്പെടുക്കാന്‍ തീരുമാനം സഹായിക്കുമെന്ന വാദമാണ് പാര്‍ട്ടി ഉയര്‍ത്തുന്നത്.
രണ്ടാം പിണറായി മന്ത്രിസഭയുടെ അധികാര തുടര്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് തന്നെ ശൈലജയുടെ പ്രവര്‍ത്തന മികവായിരുന്നു. ആദ്യവര്‍ഷത്തില്‍ പാര്‍ട്ടി തലത്തില്‍ തന്നെ ശൈലജയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍, നിപ്പയുടെ വരവിനെ ഫലപ്രദമായി തടുക്കാനും മികച്ച ഭരണാധികാരിയെന്ന നിലയില്‍ പേരെടുക്കാനും അവര്‍ക്കു കഴിഞ്ഞു. കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം അവരെ ലോകശ്രദ്ധയിലേക്കുയര്‍ത്തി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശൈലജ ഇരുപത്തിനാല് മണിക്കൂറും കര്‍മ്മനിരതയായാണ് കഴിഞ്ഞ ഒന്നരവര്‍ഷം പ്രവര്‍ത്തിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശത്തുനിന്നും എത്തുന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും സ്നേഹത്തോടെയും കരുതലോടെയുമാണ് അവര്‍ മറുപടി നല്‍കിയതും പരിഹാരമുണ്ടാക്കിയതും. ടീച്ചറമ്മയെന്ന വിളിപ്പേര് കേരളത്തിലൊരു മന്ത്രിക്കു കിട്ടുന്നതും ആദ്യമായിരുന്നു.
സംസ്ഥാന സമിതി യോഗത്തില്‍ കോടിയേരി ബാലകൃഷ്ണനാണ് മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നും കെ.കെ ശൈലജയ്ക്കു മാത്രം ഇളവു വേണ്ടെന്നുമുള്ള നിലപാട് അറിയിച്ചത്. തുടര്‍ന്ന് മന്ത്രിമാരുടെ പട്ടികയും അദ്ദേഹം വായിച്ചു. കമ്മിറ്റിയില്‍ ഭൂരിപക്ഷവും നിര്‍ദേശത്തെ പിന്തുണച്ചു. ഏഴ് പേര്‍ ശൈലജയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. വ്യക്തിപ്രഭാവത്തിനു മുന്‍തൂക്കം നല്‍കേണ്ടതില്ലെന്ന് ചര്‍ച്ചയില്‍ പൊതു അഭിപ്രായമുയരുകയായിരുന്നു.
Post Your Comments