പൂനെ: 76കാരിയ്ക്ക് പുനർജ്ജന്മം. കൊവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ ശകുന്തള ഗെയ്ക്വാദാണ് സംസ്ക്കാര ചടങ്ങിനിടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇവരിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ ബരാമതിയിലാണ് സംഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ശകുന്തള ഗെയ്ക്വാദിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു അവര്‍. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെയ് 10ന് ശകുന്തളയെ ആശുപത്രിയിലേക്ക് സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയി. കിടക്ക ഒഴിവില്ലാത്തതിനാല്‍ ആശുപത്രിക്ക് പുറത്ത് കാറില്‍ കാത്തിരിക്കുന്നതിനിടെയാണ് ശകുന്തളയുടെ ആരോഗ്യം മോശമാവുകയും ബോധം പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്തത്.
എന്നാൽ ശകുന്തള മരണപ്പെട്ടതായി ബന്ധുക്കള്‍ ഉറപ്പിച്ചു. തിരിച്ച് വീട്ടിലെത്തിച്ച് മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വീട്ടില്‍ നിന്ന് ശ്മശാനത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ശകുന്തള കണ്ണുതുറന്നതും ശബ്ദത്തില്‍ നിലവിളിച്ചതും. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അബോധാവസ്ഥയിലായ ശകുന്തളയെ ഡോക്ടറെ കാണിക്കാന്‍ ബന്ധുക്കള്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു അബദ്ധം സംഭവിച്ചതെന്ന് ബാരാമതി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
Post Your Comments