Latest NewsNewsIndia

കോവിഡിന് പിന്നാലെ അനുബന്ധ രോഗമായ ബ്ലാക്ക് ഫംഗസും

തലച്ചോറിനെയും ശ്വാസകോശത്തെയും ബാധിക്കുന്ന അസുഖത്തെ കുറിച്ച് എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: കോവിഡിന് പിന്നാലെ അനുബന്ധരോഗമായ ബ്ലാക്ക് ഫംഗസും . തലച്ചോറിനെയും ശ്വാസകോശത്തേയും ബാധിക്കുന്ന ഈ അസുഖം സംബന്ധിച്ച് എയിംസ് ഡയറക്ടര്‍ മുന്നറിയിപ്പുമായി രംഗത്ത് വന്നു. മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് അണുബാധ മൂലം ഇതുവരെ 52 പേര്‍ മരിച്ചുവെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഇതോടെ ബ്ലാക്ക് ഫംഗസ് എന്തെന്നറിയാനുള്ള തിരക്കിലാണ് പലരും. കോവിഡിനെ അതിജീവിച്ചവരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണപ്പെട്ടത് എന്നതാണ് ശ്രദ്ധേയം.ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറയുന്നത് സ്റ്റിറോയ്ഡുകളുടെ ഓവര്‍ ഡോസാണ് ബ്ലാക്ക് ഫംഗസിന് കാരണം എന്നാണ്.

Read Also : തദ്ദേശീയമായി വികസിപ്പിച്ച മറ്റൊരു വാക്‌സിന്‍ കൂടി വരുന്നു; കോവിഡ് പോരാട്ടം മുന്നില്‍ നിന്ന് നയിച്ച് കേന്ദ്രസര്‍ക്കാര്‍

എയിംസില്‍ 23 രോഗികള്‍ ഈ രോഗത്തിന് ചികിത്സയിലുണ്ട്. അതില്‍ 20 പേരും ഇപ്പോഴും കോവിഡ് പോസിറ്റീവാണ്. പല സംസ്ഥാനങ്ങളും 500 ലേറെ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഖം, മൂക്ക്, കണ്ണ്, തലച്ചോറ് എന്നിവയെ ബാധിക്കാം. ചിലപ്പോള്‍ കാഴ്ചശക്തിയും നഷ്ടപ്പെടാം. ശ്വാസകോശത്തിലേക്കും ബാധിക്കാം, രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

മ്യൂക്കര്‍മൈക്കോസസിന് (ബ്ലാക്ക് ഫംഗസ്) പ്രധാന കാരണം സ്റ്റിറോയ്ഡുകളുടെ ദുരുപയോഗമാണ്. പ്രമേഹമുള്ളവരെ കോവിഡ് ബാധിക്കുകയും അവര്‍ക്കു സ്റ്റിറോയ്ഡുകള്‍ നല്‍കുകയും ചെയ്താല്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇതു തടയാന്‍ സ്റ്റിറോയ്ഡുകളുടെ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടത്. കോവിഡ് കേസുകള്‍ കൂടുന്നതിനൊപ്പം ചികിത്സാ സംബന്ധമായ പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പലപ്പോഴും രണ്ടാമതു വരുന്ന അണുബാധയാണ് മരണത്തിനു കാരണമാവുന്നതെന്ന് എയിംസ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞവര്‍ഷം മഹാമാരി ആരംഭിച്ചതിന് ശേഷം ഇതുവരെ 52 പേര്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചതായാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്ലാവരും കോവിഡ് രോഗം ഭേദമായവരാണ്. തലവേദന, പനി, കണ്ണുകളില്‍ വേദന തുടങ്ങിയവാണ് രോഗലക്ഷണങ്ങള്‍. ആദ്യമായാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്.

കഴിഞ്ഞദിവസം സംസ്ഥാനത്ത് 1500 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധയേറ്റതായി ആരോഗ്യമന്ത്രി രാജേഷ് തോപ്പ് വ്യക്തമാക്കിയിരുന്നു. കോവിഡ് അതിതീവ്ര വ്യാപനത്തിനിടെ ബ്ലാക്ക് ഫംഗസ് ബാധ പടരുന്നത് ആരോഗ്യമേഖലയില്‍ ആശങ്ക പരത്തുന്നുണ്ട്. പ്രമേഹരോഗികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. കോവിഡാന്തരം രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നവരെയാണ് ഇത് കാര്യമായി ബാധിച്ചത്.

ബ്ലാക്ക് ഫംഗസിനെ കുറിച്ചറിയാം

ചുറ്റുപാടുകളില്‍ സാധാരണയായി കാണപ്പെടുന്ന ഇനം ഫംഗസ്, കോവിഡിനെ തുടര്‍ന്ന് പ്രതിരോധശേഷി ദുര്‍ബലമാകുന്നതോടെ ശരീരത്തെ ബാധിക്കുന്നു. തലവേദന, പനി, കണ്ണിനു താഴെയുള്ള വേദന, മൂക്കൊലിപ്പ്, കാഴ്ചക്കുറവ് എന്നിവയാണ് ലക്ഷണങ്ങളില്‍ ചിലത്. അണുബാധ തലച്ചോറിനെയും ശ്വാസകോശങ്ങളെയും ബാധിച്ചാല്‍ മരണകാരണമാകും. കാഴ്ച നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ടാകാം.

മ്യൂക്കോര്‍മൈസെറ്റ്‌സ് ഇനത്തില്‍ പെട്ട ഫംഗസുകളാണ് ബ്ലാക്ക് ഫംഗസ് രോഗത്തിന് ഇടയാക്കുന്നത്. മണ്ണിലും വായുവിലുമൊക്കെയുള്ള ഇവ ചിലപ്പോള്‍ മൂക്കില്‍ പ്രവേശിക്കുമെങ്കിലും രോഗപ്രതിരോധശേഷി ശക്തമാണെങ്കില്‍ ദോഷം ചെയ്യില്ല. എന്നാല്‍ കോവിഡ് ബാധിതരുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാണെന്നതാണ് വിനയാകുന്നത്. കോവിഡ് ബാധിതരില്‍ സ്റ്റിറോയ്ഡുകളുടെ അശാസ്ത്രീയമായ ഉപയോഗവും പ്രതിരോധശേഷിയെ തളര്‍ത്തും. 50 ശതമാനമാണ് മരണനിരക്ക്. തുടക്കത്തില്‍ തന്നെയുള്ള ചികിത്സയാണ് അനിവാര്യം. കോവിഡ് ഭേദമായവര്‍ തുടര്‍ന്നും വൃത്തിയുള്ള അന്തരീക്ഷത്തില്‍ കഴിയാന്‍ ശ്രദ്ധിക്കണം.

മുഖത്തിന്റെയോ മൂക്കിന്റെയോ ഒരുവശത്തു വേദന, ചുവപ്പുനിറം, തലവേദന, ചുമ, ശ്വാസംമുട്ടല്‍, മൂക്കടപ്പ്, മൂക്കൊലിപ്പ്, കണ്ണുവേദന,കാഴ്ചക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കാന്‍സര്‍ രോഗികള്‍, അവയവങ്ങള്‍ മാറ്റിവച്ചവര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button