ഗാസ/ജറുസലേം: ഇസ്രേയൽ-പലസ്തീൻ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ 109 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 28 പേർ കുട്ടികളാണ്. ഏഴ് ഇസ്രയേലി പൗരൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേലിലെ അഷ്‌കലോണില്‍ ഹമാസിന്റെ റോക്കാറ്റാക്രമണത്തില്‍ മലയാളിയായ സൗമ്യയും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.
580 പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏറ്റുമുട്ടൽ തുടങ്ങി നാല് ദിവസത്തിനിടയിലെ കണക്കാണിത്. അതേസമയം അക്രമണം കടുപ്പിച്ച ഇസ്രയേൽ ഗാസ അതിർത്തിയിൽ കൂടുതല്‍ സൈന്യത്തെ വ്യന്യസിച്ചു. വ്യോമസേനയും കരസേനയും അക്രമണം തുടങ്ങിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 7000ത്തോളം ഇസ്രയേലി സൈന്യവും അതിർത്തിയിൽ തമ്പടിച്ചിട്ടുണ്ട്. ഇതോടെ മേഖല യുദ്ധസമാനമായി മാറി.
അതേസമയം സൈന്യം ഇതുവരെ ഗാസയിലേക്ക് കടന്നുകയറിയിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഘര്‍ഷങ്ങളൊഴിവാക്കാന്‍ പല രാജ്യങ്ങള്‍ ഉള്‍പ്പെട്ടു നടത്തുന്ന സമാധാന ശ്രമങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഹമാസിനെതിരെ ആക്രമണം ശക്തമാക്കുന്നുവെന്ന സൂചനകളാണ് ഇസ്രയേല്‍ നല്‍കുന്നത്.ഗാസ മുനമ്പിൽ കരസൈന്യം നടപടി തുടങ്ങിയെങ്കിലും അതിർത്തി കടക്കാതെ ടാങ്കുകളും മറ്റുമുപയോഗിച്ചുള്ള ആക്രമണമാണ് നടക്കുന്നതെന്നാണ് ഇസ്രയേൽ സേന നൽകുന്ന വിശദീകരണം.
വ്യോമാക്രമണത്തിന്റെ കാഠിന്യവും റോക്കറ്റുകളുടെ എണ്ണവും ഇസ്രയേല്‍ വര്‍ധിപ്പിച്ചു.ഗാസയിലെ 14 നില പാര്‍പ്പിട സമുച്ചയം ഇസ്രയേല്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നതിനുപിന്നാലെ 130 റോക്കറ്റുകള്‍ ഇസ്രയിലേക്ക് തൊടുത്താണ് ഹമാസ് തിരിച്ചടിച്ചത്. എന്നാൽ ഇത് ആകാശത്തു വെച്ച് തന്നെ ഇസ്രായേൽ നിർവീര്യമാക്കിയിരുന്നു. ഗാസയ്ക്കുപുറമെ ദക്ഷിണ ലെബനനില്‍ നിന്നും ഇസ്രയേല്‍ ലക്ഷ്യമാക്കി മൂന്നു റോക്കറ്റുകളെത്തി.
ലെബനനിലെ ഹമാസ് പക്ഷക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.അതേസമയം അറബ്–ജൂത വംശജര്‍ ഇടകലര്‍ന്ന് കഴിയുന്ന നഗരങ്ങളില്‍ ജനം തമ്മിൽ ഏറ്റുമുട്ടുന്നതും തുടരുകയാണ്. സംഘര്‍ഷങ്ങളൊഴിവാക്കാന്‍ യുഎന്‍, ഈജിപ്ത്, ഖത്തര്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ശ്രമങ്ങളില്‍ കാര്യമായ പുരോഗതിയില്ല.
Post Your Comments