ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അല്‍ ഖായ്ദ തടവുകാരന്റെ ഹര്‍ജി. ഡോക്ടര്‍ കൂടിയായ സബീല്‍ അഹമ്മദ് എന്ന തടവുകാരനാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സബീല്‍ അഹമ്മദ് കോടതിയെ സമീപിച്ചത്.
നിരോധിത സംഘടനയായ അല്‍ ഖായിദ ഇന്‍ ദി ഇന്ത്യന്‍ സബ് കോണ്ടിനന്റ് (എക്യുഐഎസ്) അംഗമായ സബീല്‍ അഹമ്മദ് ഫെബ്രുവരി 22 നാണ് അറസ്റ്റിലാകുന്നത്. അല്‍ ഖായിദയുടെ ഇന്ത്യയിലെയും വിദേശത്തെയും അംഗങ്ങളള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് സബീല്‍ അഹമ്മദിനെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്.
2007 ജൂണ്‍ 30ന് ബ്രിട്ടണിലെ ഗ്ലാസ്‌ഗോ വിമാനത്താവളത്തില്‍ നടന്ന ചാവേറാക്രമണത്തിലും സബീല്‍ ആരോപണവിധേയനാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 20ന് സൗദിയില്‍ നിന്നും ഇയാളെ നാടുകടത്തിയിരുന്നു. തുടര്‍ന്ന് ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു തീവ്രവാദ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയാണ് സബീലിനെ ആദ്യം കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് ഡല്‍ഹി പോലീസിന് കൈമാറുകയായിരുന്നു.
Post Your Comments