മുംബൈ: കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചതില്‍ പ്രതികരണവുമായി നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാല. ഡോസുകള്‍ സ്വീകരിക്കുന്നതിലെ ഇടവേള വര്‍ധിപ്പിക്കുന്നത് മികച്ച ശാസ്ത്രീയ തീരുമാനമാണെന്നാണ് അദാര്‍ പൂനാവാല എന്‍ഡിടിവിയോട് പ്രതികരിച്ചത്.
ഫലപ്രാപ്തിയിലും പ്രതിരോധത്തിലും ഈ തീരുമാനം ഗുണം ചെയ്യും. സര്‍ക്കാരിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മികച്ച നീക്കം നടത്തിയിരിക്കുന്നത്. ഇടവേള വര്‍ധിപ്പിച്ചതിലൂടെ മികച്ച ശാസ്ത്രീയ തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്നും അദാര്‍ പൂനാവാല പറഞ്ഞു.
കോവിഷീല്‍ഡ് വാക്‌സിന്‍ എടുക്കുന്നതിലെ ഇടവേള 12 മുതല്‍ 16 ആഴ്ച വരെ നീട്ടാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് അറിയിച്ചത്. എട്ട് ആഴ്ചയെന്ന ഇടവേളയാണ് വിദഗ്ധരുടെ നിര്‍ദേശപ്രകാരം ദീര്‍ഘിപ്പിച്ചത്. നിരവധി സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദേശം കോവിഷീല്‍ഡ് നിര്‍മാതാക്കള്‍ക്ക് ആശ്വാസമാകും.
Post Your Comments