ജയ്പൂര്‍: രാജ്യത്ത് ആശങ്ക ഉയര്‍ത്തി മൃഗങ്ങളിലേയ്ക്കും കോവിഡ് പടരുന്നു. ജയ്പൂര്‍ മൃഗശാലയിലെ സിംഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. ത്രിപുര്‍ എന്ന സിംഹത്തിനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (ഐവിആര്‍ഐ) അറിയിച്ചു.
മൃഗശാലയിലുള്ള രോഗലക്ഷണങ്ങളില്ലാത്ത ആരില്‍ നിന്നെങ്കിലുമാകാം സിംഹത്തിലേയ്ക്ക് കോവിഡ് പടര്‍ന്നതെന്ന് ഐവിആര്‍ഐ ജോയിന്റ് ഡയറക്ടര്‍ കെ.പി സിംഗ് പറഞ്ഞു. രോഗം സ്ഥിരീകരിച്ച സിംഹത്തിന്റെ സാമ്പിളുകള്‍ക്കൊപ്പം പുള്ളിപുലി, വെള്ളക്കടുവ, പെണ്‍സിംഹം എന്നിവയുടെ സാമ്പിളുകളും അയച്ചിരുന്നു. എന്നാല്‍ ഇവയുടെ പരിശോധന ഫലത്തില്‍ അവ്യക്തതയുള്ളതിനാല്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇതാദ്യമായല്ല മൃഗങ്ങളില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ ഉത്തര്‍പ്രദേശിലെ ഇറ്റാവാ സഫാരി പാര്‍ക്കിലെ രണ്ട് പെണ്‍ സിംഹങ്ങള്‍ക്കും ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ പാര്‍പ്പിച്ചിരിക്കുന്ന എട്ട് സിംഹങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മനുഷ്യര്‍ക്ക് പിന്നാലെ മൃഗങ്ങളിലേയ്ക്കും രോഗം പകരുന്നത് ആശങ്ക ഇരട്ടിയാക്കിയിരിക്കുകയാണ്.
Post Your Comments