ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 60ലധികം ആളുകളാണ്. പലസ്തീനിൽ നിന്നും പുറത്തുവരുന്ന കാര്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഒരു കൂട്ടം ആളുകൾ ഒരാളുടെ ശരീരം ഉയർത്തിപ്പിടിച്ച് റോഡിലൂടെ നടക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഇതിനിടയിൽ പൊലീസ് വാഹനത്തിന്റെ ശബ്ദം കേൾക്കുന്നു. ഉടൻ തന്നെ ബോഡി താഴെ വെച്ചിട്ട് ആളുകൾ ഓടിരക്ഷപെടുകയാണ്. കുറച്ച് കഴിയുമ്പോൾ വെള്ളത്തുണി കൊണ്ട് മൂടിയ നിലയിലായിരുന്ന ‘മൃതശരീരം’ അനങ്ങുകയും ഉടൻ എഴുന്നേറ്റ് ഓടി രക്ഷപെടുന്നതുമാണ് വീഡിയോയിൽ കാണുന്നത്. ഇസ്രയേലിലെ സെലിബ്രിറ്റിയായ ഹനന്യ ആണ് വീഡിയോ പുറത്തുവിട്ടത്.
അതേസമയം ഈ വീഡിയോ വ്യാജമാണെന്ന ആരോപണവും ഉയരുന്നുണ്ട്. പഴയ വീഡിയോ നിലവിലെ സാഹചര്യത്തിൽ പലസ്തീനിന്റെ പേരിൽ പ്രചരിപ്പിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം. കഴിഞ്ഞ വർഷം കൊവിഡ് ലോക്ക്ഡൗൺ സമയത്ത് ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ചെയ്ത വീഡിയോ ആണിതെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ തിരിച്ചടിയിൽ 13 കുട്ടികളടക്കം 56 പലസ്തീനികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. പോരാട്ടം ആദ്യം തുടങ്ങിയത് ഹമാസ് ആണ്. ഹമാസിന്റെ ആക്രമണത്തിൽ ആറു ഇസ്രയേലികളും മരിച്ചു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 2014-നുശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്.
Post Your Comments