മോഹൻലാൽ എന്ന നടനെ വ്യത്യസ്തനാക്കുന്നത് ആരെയും അകറ്റിനിർത്തി പെരുമാറാൻ അറിയാത്ത അയാളിലെ വ്യക്തിത്വമാണെന്ന് സംവിധായകൻ ഭദ്രന്‍. താൻ മോഹൻലാലിനു തന്റെ സിനിമയില്‍ നൽകിയിട്ടുള്ളത് കഷ്ടപ്പാട് നിറഞ്ഞ കഥാപാത്രങ്ങൾ ആയിരുന്നുവെന്നും പക്ഷേ ഒരിക്കൽ പോലും മോഹൻലാലിൽ നിന്ന് യാതൊരു രീതിയിലുള്ള അസ്വസ്ഥതയും തനിക്ക് നേരിട്ടിട്ടില്ലെന്നും എത്ര ബുദ്ധിമുട്ടേറിയ കഥാപാത്രങ്ങളും ക്ഷമയോടെ നിന്ന് ചെയ്ത് നമ്മളെ അത്ഭുതപ്പെടുത്തുന്ന താരമാണ് മോഹൻലാൽ എന്നും ഭദ്രൻ ഒരു ടിവി ചാനൽ അഭിമുഖത്തിൽ സംസാരിക്കവേ പങ്കുവയ്ക്കുന്നു.
ഭദ്രന്‍റെ വാക്കുകള്‍ :
“മറ്റൊരു നടന്മാർക്കും ഇല്ലാത്ത പ്രത്യേകത ലാലിനുണ്ട്. അതായത് ഒരാളെ അകറ്റിനിർത്തി സംസാരിക്കാൻ മോഹൻലാലിനു അറിയില്ല. അങ്ങനെയൊരു നടൻ ഇനി ഇവിടെ ജനിക്കാനും പോകുന്നില്ല!. എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കാൻ മാത്രമേ മോഹൻലാലിന് അറിയൂ. അദ്ദേഹവുമായുള്ള സുഹൃത്ത് ബന്ധം ഒരുകാലത്ത് തീവ്രമായി ഞാൻ മനസ്സിൽ കൊണ്ടു നടന്നിട്ടുണ്ട്.
ഞാന്‍ ചെയ്ത മോഹൻലാൽ സിനിമകളിലെല്ലാം അദ്ദേഹത്തിന് കഷ്ടപ്പാട് നിറഞ്ഞ റോളുകളായിരുന്നു. ‘ഉടയോന്‍’ സിനിമയിലെയൊക്കെ മേക്കപ്പ് അത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു. മണിക്കൂറുകളോളം ആ മേക്കപ്പിൽ തന്നെ അങ്ങനെ നിൽക്കണമായിരുന്നു. അതൊക്കെ സഹിച്ചാണ് മോഹൻലാൽ യാതൊരു തരത്തിലുമുള്ള ദേഷ്യവും കാണിക്കാതെ ടേക്കിന് തയ്യാറെടുക്കുന്നത്.
ഒരു കുട്ടി ചോദിക്കുന്ന കൗതുകത്തോടെയാണ് മോഹൻലാൽ ഉടയോൻ എന്ന സിനിമയിലെ വേറിട്ട സംഭാഷണ രീതിയെക്കുറിച്ചൊക്കെ എന്നോട് ചോദിച്ചത്. പ്രഗൽഭരായ സംവിധായകർക്കൊപ്പവും, എഴുത്തുകാർക്കൊപ്പവും വർക്ക് ചെയ്തിട്ടുള്ള മോഹൻലാൽ അങ്ങനെ ചോദിക്കുമ്പോൾ നമുക്ക് ശരിക്കും അത്ഭുതം തോന്നാം”.
Post Your Comments