പാലക്കാട്: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മൃഗങ്ങളെ അറുക്കലും മാംസവിതരണവും നിരോധിച്ചെന്ന് പാലക്കാട് ജില്ലാ കളക്ടറുടെ അറിയിപ്പ്. അടുത്ത മൂന്ന് ദിവസം മൃഗങ്ങളെ അറുക്കല്‍, മാംസവിതരണം പൂര്‍ണമായും നിരോധിച്ചെന്ന് കളക്ടര്‍ അറിയിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കുകയാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം.
കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനക്കൂട്ടം ഒഴിവാക്കുക, സമ്പര്‍ക്കം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മെയ് 12, 13,14 തീയതികളില്‍ മൃഗങ്ങളെ അറുക്കുന്നതും മാംസവിതരണം നടത്തുന്നതും പൂര്‍ണമായും നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
മറ്റ് സ്ഥലങ്ങളില്‍ അംഗീകൃത അറവുശാലകളില്‍ ആവശ്യമായ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃഗങ്ങളെ അറുക്കാവുന്നതാണ്. അറവുശാലകളില്‍ വെച്ച് യാതൊരു കാരണവശാലും മാംസം വിതരണം നടത്തരുത്. ഇപ്രകാരം അറുക്കുന്ന മാംസം ആവശ്യക്കാര്‍ക്ക് ഹോം ഡെലിവറി ചെയ്യുന്നതിനുള്ള നടപടികള്‍ അറവുശാല അധികൃതര്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Post Your Comments