തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ തേജസായിരുന്നു കെ ആർ ഗൗരിയമ്മയെന്ന് കടകംപള്ളി സുരേന്ദ്രൻ. പുതിയ കേരളത്തെ സൃഷ്ടിക്കുന്നതിന് സഹായകരമായ കാർഷിക-ഭൂപരിഷ്‌കരണ നിയമങ്ങൾ ഉൾപ്പെടെ കമ്മ്യൂണിസ്റ്റ് പാർട്ടി നടപ്പിലാക്കിയ ഒരുപാട് സുവർണ നിയമങ്ങളുടെ നിർമ്മാണത്തിൽ വലിയ പങ്ക് വഹിക്കാൻ ഗൗരിയമ്മക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
പുത്രവിശേഷമായിട്ടുള്ള സ്‌നേഹമായിരുന്നു ഗൗരിയമ്മയ്ക്ക് തന്നോടുണ്ടായിരുന്നത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിപ്ലവ വീര്യത്തിന്റെയും പ്രതീകമായിരുന്നു ഗൗരിയമ്മ. സഖാവ് കെ ആർ ഗൗരിയമ്മയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ട ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു- കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ഗൗരിയമ്മയുടെ വിയോഗത്തോട് കൂടി ഒരു യുഗം തന്നെ അവസാനിക്കുകയാണ്. ഗൗരിയമ്മ കേരള രാഷ്ട്രീയത്തിലെ ഒരു തേജസ് തന്നെയായിരുന്നു. പുതിയ കേരളത്തെ സൃഷ്ടിക്കുന്നതിന് സഹായകരമായ കാർഷിക-ഭൂപരിഷ്‌കരണ നിയമങ്ങൾ ഉൾപ്പെടെ കമ്മ്യൂണിസ്റ്റ് പാർട്ടി നടപ്പിലാക്കിയ ഒരുപാട് സുവർണ നിയമങ്ങളുടെ നിർമ്മാണത്തിൽ വലിയ പങ്ക് വഹിക്കാൻ ഗൗരിയമ്മക്ക് കഴിഞ്ഞു.
വ്യക്തിപരമായ ധാരാളം ഓർമ്മകൾ എനിക്ക് സ: ഗൗരിയമ്മയെ കുറിച്ചുണ്ട്. എന്നോട് പുത്രവിശേഷമായിട്ടുള്ള സ്‌നേഹം ആ അമ്മക്ക് എന്നും ഉണ്ടായിരുന്നു. എന്റെ വിവാഹം വിജെടി ഹാളിൽ വെച്ചായിരുന്നു. അന്ന് ഗൗരിയമ്മയ്ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് തലേദിവസം ഗൗരിയമ്മ എന്റെ വീട്ടിലേക്ക് വരികയും ഒത്തിരി നേരം വീട്ടിൽ ചെലവഴിക്കുകയും ചെയ്തു.
ജെഎസ്എസ് നേതാവ് ആയി നിൽക്കുന്ന ഘട്ടത്തിൽ ഗൗരിയമ്മ ഇടതുപക്ഷത്തേക്ക് തിരികെ വരാനുള്ള സാധ്യത വന്നപ്പോൾ ഞാൻ ഗൗരിയമ്മയെ ആലപ്പുഴയിൽ പോയി കാണുകയുണ്ടായി. വലിയ സന്തോഷത്തോടെയും സ്‌നേഹത്തോടെയുമാണ് അമ്മ അന്നെന്നെ സ്വീകരിച്ചത്. അന്ന് ജെഎസ്എസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ താക്കോൽ എന്നോട് വാങ്ങുവാനും അന്യാധീനപ്പെട്ട് പോകാതെ നിങ്ങൾ നോക്കണമെന്നും ഗൗരിയമ്മ ആവശ്യപ്പെടുകയുണ്ടായി. അനാവശ്യ വിവാദങ്ങൾക്ക് ഇടയാക്കിയേക്കും എന്ന് കണ്ട് താക്കോൽ ഞങ്ങൾ തിരികെ നൽകുകയായിരുന്നു. സ്‌നേഹവും വിശ്വാസവും കരുതലും ഗൗരിയമ്മക്ക് എന്നോട് ഉണ്ടായിരുന്നു.
ത്യാഗത്തിന്റെയും സഹനത്തിന്റെയും വിപ്ലവ വീര്യത്തിന്റെയും പ്രതീകമായിരുന്ന സഖാവ് കെആർ ഗൗരിയമ്മയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആദരാഞ്ജലികൾ പ്രിയപ്പെട്ട ഗൗരിയമ്മയ്ക്ക്.
Post Your Comments