വാഷിംഗ്ടണ്‍:കൊവിഡ് ബാധിതന് ആറടി അകലത്തിലാണെങ്കിലും മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ സാദ്ധ്യതയുണ്ടെന്ന പുതിയ പഠന റിപ്പോര്‍ട്ട്പുറത്ത് വിട്ട് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍. ശ്വസന സമയത്ത് പുറത്ത് വിടുന്ന ശ്വാസകോശ ദ്രവങ്ങളിലൂടെ വൈറസ് പടരുമെന്നാണ് സിഡിസിയുടെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച പുതിയമാര്ഗനിര്ദ്ദേശവും പുറത്തിറക്കി.
ശ്വസന സമയത്ത് ആളുകള്‍ പുറപ്പെടുവിക്കുന്ന ശ്വസന ദ്രവങ്ങള്‍ വായുവില്‍ കലരുന്നു. വൈറസ് ബാധിതനായ ഒരാള്‍ തുമ്മുകയോ ചുമയ്ക്കുകയോ,ചെയ്യുമ്പോഴും ഇതു സംഭവിക്കുന്നു. രോഗിയില്‍ നിന്ന് പുറത്തുവരുന്ന വൈറസ് കണങ്ങള്‍ 15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ വായുവില്‍ തങ്ങിനില്ക്കുകയും ഇത് മറ്റുള്ളവര്‍ ശ്വസിക്കുന്നതിലൂടെ വൈറസ് പകരുകയുംചെയ്യുന്നു. കൊവിഡ് ബാധിതനായ ഒരാള്‍ പൊതുസ്ഥലത്ത് ഏറെ നേരം കഴിയുന്നതിലൂടെയും ഇപ്രകാരം വൈറസ് പകരാം. ഇത് ആറടി അകലെയുള്ള ആളെ പോലും രോഗബാധിതരാക്കും.
അടച്ചിട്ട മുറികളില്‍ ആളുകള്‍ കൂടുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കും. രാജ്യാന്തര മെഡിക്കല്‍ ജേണല്‍ ആയ ലാന്‍സെറ്റ് വായുവിലൂടെ കൊവിഡ് പകരുമെന്ന് നേരത്തെേ പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു.കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമാകാന്‍ പ്രധാന കാരണം വ്യാപകശേഷി കൂടിയ വൈറസ് വകഭേദമാണെങ്കിലും വൈറസ് കൂടാതെ മറ്റു ചില ഘടകങ്ങളും ഇതിന് കാരണമായെന്ന്
ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ ഡോക്ടര്‍ സൗമ്യ സ്വാമിനാഥന് വ്യക്തമാക്കി.
B.1.617വൈറസ് വകഭേദത്തിന്റെ സാന്നിധ്യം കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയത്. അതി തീവ്ര വ്യാപന ശേഷിയുള്ള വൈറസിനെയാണ് നാം അഭിമുഖീകരിക്കാന്‍ പോകുന്നതെന്ന കാര്യം മറന്ന് നടത്തിയ സാമൂഹികമായ കൂടിച്ചേരലുകള്‍ വൈറസ് വ്യാപനം ത്വരിതപ്പെടുത്തി. മാസ്ക്, വാക്സിനേഷന് തുടങ്ങിയ കാര്യങ്ങളില്‍ ജനം അശ്രദ്ധ കാട്ടിത്തുടങ്ങിയപ്പോള്‍ വൈറസ് പതിയെപ്പതിയെ ഇരട്ടിക്കുകയും അതിവേഗം വ്യാപിക്കുകയും ചെയ്തു.
ഇത് തിരിച്ചറിയാന്‍ വൈകിയത് കാര്യങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിച്ചെന്ന് ഡോക്ടര്‍ സൗമ്യ കൂട്ടിച്ചേര്‍ത്തു.നിലവില്‍ വികസിപ്പിച്ചെടുത്ത വാക്സിനുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വകഭേദങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും ഇത് കൂടുതല്‍ അപകടകരമായ നിലയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചേക്കുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്കി. വ്യാപന നിരക്ക് ഒരു പരിധി കഴിഞ്ഞാല്‍ നിയന്ത്രണം അസാദ്ധ്യമാകും. അതാണ് ഇന്ത്യയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
Post Your Comments