തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം ഏൽപ്പിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാൻ കൗൺസിലിംഗ് പദ്ധതിയുമായി സംസ്ഥാന സർക്കാർ. മാനസിക സമ്മർദ്ദം കുറയ്ക്കാൻ ‘ ഒറ്റക്കല്ല, ഒപ്പമുണ്ട്’ എന്ന കൗൺസിലിംഗ് പരിപാടിയാണ് സർക്കാർ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും മെന്റൽ ഹെൽത്ത് ടീമിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുക. സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ എന്നിവരടങ്ങിയ 1400 പേർ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
Read Also: ആദ്യം വാക്‌സിൻ നൽകുക മുൻഗണനാ ഗ്രൂപ്പിന്; മുൻഗണനാ ക്രമം സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
നിലവിലെ സാഹചര്യത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി ഈ ടീം വിപുലീകരിക്കും. കോവിഡ് പോസിറ്റീവാകുന്നവരുടെ ലിസ്റ്റ് ടീമിന് കൈമാറും. ഓരോ വ്യക്തിയെയും നേരിട്ട് വിളിച്ച് അവരുടെ മാനസികമായ ബുദ്ധിമുട്ടും ആവശ്യങ്ങളും ചോദിച്ചറിയും.
മാനസിക ബുദ്ധിമുട്ട് നേരിടുന്നെങ്കിൽ രണ്ടാമത്തെ കോളിൽ സൈക്യാട്രിസ്റ്റ് നേരിട്ട് സംസാരിച്ച് പരിഹാരം നിർദ്ദേശിക്കും. മരുന്ന് വേണമെങ്കിൽ പിഎച്ച്‌സി വഴി മരുന്നെത്തിക്കും. മറ്റ് ആവശ്യങ്ങൾ ഐസിഡിഎസ്, തദ്ദേശ സ്ഥാപനം എന്നിവ വഴിയും നിറവേറ്റാൻ ശ്രമിക്കും. കോവിഡ് മുക്തരായവരെ 20 ദിവസത്തിന് ശേഷം പോസ്റ്റ് കൊവിഡ് ബുദ്ധിമുട്ട് നേരിടുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ഏഷ്യാനെറ്റ് ബഹിഷ്കരിക്കാൻ സംഘപരിവാർ സംഘടനകളുടെ തീരുമാനം: ചർച്ചയിൽ പങ്കെടുക്കില്ല
മാനസിക രോഗമുള്ളവർ, വയോജനങ്ങൾ, ഭിന്നശേഷിക്കാരായവരുടെ മാതാപിതാക്കൾ എന്നിവരെയും ബന്ധപ്പെടുന്നുണ്ട്. മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ മദ്യാപാനാസക്തിയുള്ളവരുടെ കൗൺസിലിംഗും ഈ ടീം നടത്തുന്നുണ്ട്.
വിദ്യാലയങ്ങൾ അടഞ്ഞ് കിടക്കുന്നതിനാൽ സ്‌കൂൾ കുട്ടികൾക്കും കൗൺസിലിംഗ് നടത്തുന്നുണ്ട്. 7.12 ലക്ഷം കുട്ടികളെയാണ് ടീം ഇതുവരെ വിളിച്ചത്. 73,723 കുട്ടികൾക്ക് കൗൺസിലിംഗ് നൽകുന്നുണ്ട്. ആരോഗ്യപ്രവർത്തകർക്കായി ഹെൽപ് ലൈൻ ആരംഭിച്ചു. 63000 കോളുകൾ ആരോഗ്യപ്രവർത്തകർക്കായി വിളിച്ചു. സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും സ്‌ട്രെസ് മാനേജ്‌മെന്റ് നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ സൈക്കോ സോഷ്യൽ ഹെൽപ്ലൈൻ നമ്പർ ലഭ്യമാണ്. ദിശ ഹെൽപ്പ്ലൈൻ 1056 ലും ബന്ധപ്പെടാം. ഈ സേവനം 24 മണിക്കൂറും ലഭ്യമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments