ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്ററി കമ്മിറ്റി മീറ്റിംഗുകള്‍ വെര്‍ച്വലായി നടത്തണമെന്ന ആവശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കും രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനും തൃണമൂല്‍ കത്തയച്ചു.
ഇത് മൂന്നാം തവണയാണ് ഇക്കാര്യം ആവശ്യപ്പെട്ട് തൃണമൂല്‍ കത്തയക്കുന്നത്. നേരത്തെ, 2020 ജൂലൈയിലും ഓഗസ്റ്റിലും തൃണമൂല്‍ കത്തയച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചത്തോളമായി രാജ്യത്ത് പ്രതിദിനം 3 ലക്ഷത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പാര്‍ലമെന്ററി കമ്മിറ്റി യോഗങ്ങള്‍ വെര്‍ച്വലായി നടത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ഡെറിക് ഒബ്രയാന്‍ ആവശ്യപ്പെട്ടു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍, കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റികള്‍, സെലക്ട് കമ്മിറ്റികള്‍ എന്നിവയുള്‍പ്പെടെയുള്ള പാര്‍ലമെന്ററി കമ്മിറ്റി യോഗങ്ങള്‍ വെര്‍ച്വലായി നടത്തുന്ന കാര്യം പരിഗണിക്കണമെന്ന് ഡെറിക് ഒബ്രയാന്‍ ആവശ്യപ്പെട്ടു. രാജ്യമിപ്പോള്‍ ഗുരുതരമായ സാഹചര്യത്തില്‍ കൂടിയാണ് കടന്ന് പോകുന്നത്. അതിനാല്‍ പൊതുവായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ ഉചിതം വെര്‍ച്വല്‍ മീറ്റിംഗുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments