തിരുവനന്തപുരം: ശ്മശാനത്തിനായി സ്വന്തം ഭൂമി വിട്ടു നൽകി മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം. മലയിൻകീഴ് ഡിവിഷൻ നേമം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ബിനു തോമസാണ് സ്വന്തം ഭൂമി ശ്മശാനത്തിനായി വിട്ട് നൽകി മാതൃകയായത്. വിളവൂർക്കൽ ഗ്രാമപഞ്ചായത്തിൽ കോവിഡ് മരണനിരക്ക് കൂടിയ സാഹചര്യത്തിൽ മൃതദേഹങ്ങൾ സംസ്‌ക്കരിക്കാൻ കാത്തിരിക്കേണ്ട അവസ്ഥയിലാണ്. കാത്തിരിപ്പ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാനാണ് ബിനു തോമസിന്റെ ശ്രമം.
കോവിഡ് പോസിറ്റീവ് ആയി ആളുകൾ മരണപ്പെടുന്നു. മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കാത്തിരിപ്പ് കൂടി വേണ്ടി വരുന്നത് ആളുകൾക്ക് വളരെ അധികം മനോവേദന ഉണ്ടാക്കുന്ന ഒന്നാണ്. മോർച്ചറിയിലും മൊബൈൽ മോർച്ചറിയിലും മൃതദേഹം വച്ച് കാത്തിരിക്കേണ്ടി വരുന്നു. ഇത് വളരെ വേദന ഉളവാക്കുന്ന കാര്യമാണെന്നും അതുകൊണ്ടാണ് എത്രയും പെട്ടെന്ന് ഇക്കാര്യം പഞ്ചായത്തിനെ അറിയിച്ചതെന്നും ബിനു പറയുന്നു.
മുക്കുന്നി മലയിൽ തന്റെ ഒരേക്കർ വസ്തുവിന്റെ ഒരുഭാഗം ആണ് താത്കാലിക ശ്മശാനമായി വിട്ടു കൊടുക്കാൻ ബിനു തീരുമാനിച്ചത്. വിളവൂർക്കൽ പഞ്ചായത്തിന് വേണ്ടി എന്നാണ് തീരുമാനിച്ചതെങ്കിലും ജില്ലയിൽ ഏതു ഭാഗത്തു ബുദ്ധിമുട്ടു നേരിടുന്നവർക്കും മുൻകൂട്ടി അറിയിച്ച ശേഷം എത്തിച്ചാൽ സംസ്‌കരിക്കാൻ സൗകര്യം പഞ്ചായത്ത് ഒരുക്കുമെന്ന് ബിനു തോമസ് പറഞ്ഞു.
മൂലമൺ വാർഡ് അംഗമായ സി ഷിബുവാണ് പഞ്ചായത്തിലെ നിലവിലെ സ്ഥിതിയെ കുറിച്ച് ബിനു തോമസിനോട് പറയുന്നത്. സ്ഥലം നൽകാൻ ബിനു സന്നദ്ധത അറിയിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തുകയും പിന്നീട് കളക്ടറെ വിവരം അറിയിക്കുകയും ചെയ്തു. കളക്ട്രേറ്റിൽ നിന്ന് അനുമതി ലഭിക്കുന്ന മുറക്ക് വിറക് ഉപയോഗിച്ച് ശ്മശാനം പ്രവർത്തനം ആരംഭിക്കും.
Read Also: തമിഴ്നാട്ടിൽ നാളെ മുതൽ ലോക്ക്ഡൗൺ; ദില്ലിയിലും യുപിയിലും ലോക്ക്ഡൗൺ നീട്ടി
Post Your Comments