ന്യൂഡല്‍ഹി: രാജ്യത്തിന് പ്രതീക്ഷ നല്കി ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് അതിവേഗം പ്രവര്‍ത്തിക്കുന്നുവെന്ന് പഠനം. 2 ഡിയോക്സി ഡി ഗ്ലൂക്കോസ് (2ഡിജി) എന്ന മരുന്നിന് മികച്ച ഫലപ്രാപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന് ആന്‍ഡ് അലിയഡ് സയന്‍സിലെ (ഐഎന്‍എംഎസ്) ഡോ. സുധീര്‍ ചാന്ദ്നയാണ് ഇക്കാര്യം അറിയിച്ചത്.
ഡിആര്‍ഡിഒ-ഐഎന്‍എംഎസ് സംയുക്തമായി നടത്തിയ പഠനത്തില്‍ കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ നല്കേണ്ടുന്ന ആവശ്യകതയും ഈ മരുന്ന് കുറയ്ക്കുന്നതായി കണ്ടെത്തി. 2ഡിജി നല്കിയ രോഗികള്‍ രാജ്യത്ത് നിലവിലുള്ള ചികിത്സാ സംവിധാനത്തില്‍ നേടുന്നതിനേക്കാള്‍ വേഗത്തില്‍ രോഗമുക്തി നേടുന്നതായി കണ്ടെത്തിയിരുന്നു. സാധാരണ ചികിത്സാ രീതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2ഡിജി ഉപയോഗിച്ച് ചികിത്സ നടത്തിയവര്‍ ശരാശരി 2.5 ദിവസം മുന്‍പേ രോഗമുക്തി നേടുന്നതായി പരീക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
ഗ്ലൂക്കോസിന്റെ ജനറിക് തന്മാത്രയും അനലോഗും ആയതിനാല്‍ ഇത് എളുപ്പത്തില്‍ ഉത്പ്പാദിപ്പിച്ച് രാജ്യത്ത് വലിയ അളവില്‍ ലഭ്യമാക്കാനാകുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ച് വായിലൂടെ കഴിക്കുകയാണ് വേണ്ടത്. ഇത് വൈറസ് ബാധിച്ച കോശങ്ങളില്‍ അടിഞ്ഞു കൂടുകയും വൈറല്‍ വ്യാപനവും ഊര്‍ജ്ജ ഉത്പ്പാദനവും നിര്‍ത്തുകയും വൈറസ് വളര്‍ച്ച തടയുകയും ചെയ്യുന്നു. വൈറസ് ബാധിച്ച കോശങ്ങളില്‍ ശേഖരിക്കപ്പെടുന്നതാണ് ഈ മരുന്നിനെ സവിശേഷമാക്കുന്നത്.
Post Your Comments