COVID 19KeralaLatest NewsIndiaNews

സംസ്ഥാനത്തെ കോവിഡ് അതിവ്യാപനത്തിലേക്ക് നയിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരിനും കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി : സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകാൻ കാരണം നിയമസഭയിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളുടെ പ്രചാരണ സമയത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഭീകരമായ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. നിയമസഭാ, തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പ്രചാരണം നടത്തിയതാണ് ഈ ദു:സ്ഥിതിക്ക് ഒരുപരിധിവരെ കാരണമായതെന്നും ഇതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ ചോദിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്ലാദപ്രകടനങ്ങളും യോഗങ്ങളും നടത്തുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി അഡ്വ.ഡോ. കെ.പി. പ്രദീപ് നല്‍കിയ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചാണ് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനെയും ഇലക്ഷന്‍ കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ചത്.

Also Read:കോവിഡ് രണ്ടാം തരംഗം; 70,000 മെട്രിക് ടണ്‍ അരി സംസ്ഥാനത്തിന് നൽകി കേന്ദ്ര സര്‍ക്കാര്‍

എന്തുകൊണ്ട് പ്രചാരണ സമയത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ല? പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണം 40,000 നു മുകളിലായി. അനാസ്ഥയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നില്ലേ ? നിയന്ത്രിച്ചിരുന്നെങ്കില്‍ വീണ്ടും ലോക്ഡൗണിലേക്ക് എത്തുമായിരുന്നോ? വോട്ടെണ്ണല്‍ ദിനത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടത് നിങ്ങള്‍ ഉത്തരവിറക്കിയതുകൊണ്ടാണെന്ന് കരുതുന്നുണ്ടോ ? കോടതി ഇടപെട്ടതിനാലാണ് നിയന്ത്രണം സാധ്യമായത്. സംഭവിച്ചതു സംഭവിച്ചു. ഇനിയെങ്കിലും പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

ഹൈക്കോടതി ഉത്തരവനുസരിച്ച്‌ മെയ് ഒന്നു മുതല്‍ അഞ്ചു വരെ നിയന്ത്രണങ്ങള്‍ നടപ്പാക്കിയെന്ന് ഇലക്ഷന്‍ കമ്മിഷനും സര്‍ക്കാരും ഇന്നലെ കോടതിയില്‍ അറിയിച്ചു. തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ച് വിമര്‍ശനമുന്നയിച്ചത്. പ്രചാരണവേളയില്‍ നിയന്ത്രണങ്ങള്‍ പാലിച്ചെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞെങ്കിലും കണ്ണടച്ച്‌ ഇരുട്ടാണെന്ന് പറയരുതെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button