തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ഓക്‌സിജന്‍ ക്ഷാമമെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഇന്ന് നടത്താനിരുന്ന എട്ട് ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. അടിയന്തിര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്.
ഒരു സിലിണ്ടര്‍ പോലും ലഭിക്കാതെ വന്നതിനാലാണ് ഇന്ന് ശസ്ത്രക്രിയകള്‍ മുടങ്ങിയത്. ഒരു ദിവസം ആശുപത്രിയില്‍ വേണ്ടത് 65 മുതല്‍ 70 വരെ ഓക്‌സിജന്‍ സിലിണ്ടറുകളാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ 35 സിലിണ്ടറുകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. അടിയന്തിര പ്രാധാന്യമുള്ള ശസ്ത്രക്രിയകള്‍ മാത്രം നടത്തിയാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടിരുന്നത്.
ഓക്‌സിജന്‍ വിതരണത്തിലെ അപാകത എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്കും ജില്ലാ ഭരണകൂടം സജ്ജമാക്കിയ ഓക്‌സിജന്‍ വാര്‍ റൂമിലും ആര്‍സിസി ഡയറക്ടര്‍ കത്ത് നല്‍കിയിട്ടുണ്ട്. ആര്‍സിസിയ്ക്ക് പുറമെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കേരളത്തിന് 1000 മെട്രിക് മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചിരുന്നു.
Post Your Comments