ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലേയ്ക്കുള്ള ഓക്‌സിജൻ വിതരണത്തിന് കർണാടക നിയന്ത്രണം ഏർപ്പെടുത്തി. ഓക്‌സിജൻ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണണം ഏർപ്പെടുത്തിയത്. നിയന്ത്രണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് എംഎൽഎ എൻ.എ നെല്ലിക്കുന്ന് മംഗളൂരു ഡെപ്യൂട്ടി കമ്മീഷണർക്ക് കത്തയച്ചു.
കാസർഗോഡ് ജില്ലാ കളക്ടർ നൽകുന്ന രേഖകളുമായി എത്തുന്ന സ്വകാര്യ ആശുപത്രികൾക്ക് ആവശ്യത്തിന് ഓക്‌സിജൻ നൽകുമെന്നും വ്യക്തമായ കണക്കുകൾ ശേഖരിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും മംഗളൂരു ഡെപ്യൂട്ടി കമ്മീഷണർ കെ.വി രാജേന്ദ്ര പറഞ്ഞു. അതേസമയം, ഓക്‌സിജന് വേണ്ടി കർണാടകയെ ആശ്രയിക്കുന്ന കാസർഗോഡുള്ള സ്വകാര്യ ആശുപത്രികൾ പ്രതിസന്ധിയിലായി.
ദൂരക്കുറവ് കണക്കിലെടുത്ത് കാസർഗോഡ് ജില്ലയിലെ നിരവധി സ്വകാര്യ ആശുപത്രികൾ കർണാടകയിൽ നിന്നാണ് ഓക്‌സിജൻ എത്തിക്കുന്നത്. മംഗളൂരു ബൈകമ്പാടി മലബാർ ഓക്‌സിജൻ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ് കാസർകോട് ജില്ലയിലേക്ക് ഓക്‌സിജൻ എത്തിക്കാറുള്ളത്. നിയന്ത്രണം ഏർപ്പെടുത്തിയതോടെ കാര്യങ്ങൾ വലിയ പ്രതിസന്ധിയുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
Post Your Comments