ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ 23 കോവിഡ് രോഗികള്‍ ആശുപത്രിയില്‍ നിന്നും ചാടിപ്പോയതായി റിപ്പോര്‍ട്ട്. വടക്കന്‍ ഡല്‍ഹിയിലെ ഹിന്ദു റാവു ആശുപത്രിയില്‍ നിന്നാണ് രോഗികള്‍ ചാടിപ്പോയത്. ഏപ്രില്‍ 19നും മെയ് 6നും ഇടയിലാണ് രോഗികളെ കാണാതായതെന്ന് മേയര്‍ ജയ് പ്രകാശ് പറഞ്ഞു.
കോവിഡ് രോഗികള്‍ക്കായി മാത്രം 250 ഓളം കിടക്കകളാണ് ഹിന്ദു റാവു ആശുപത്രിയില്‍ ഉള്ളത്. മേഖലയിലെ തന്നെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയാണിത്. കിടക്കകള്‍ ഒഴിവുള്ളതായി കണ്ടെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗികള്‍ കടന്നു കളഞ്ഞതായി കണ്ടെത്തിയത്. അധികൃതരുടെ അറിവില്ലാതെ എങ്ങനെയാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് എന്ന കാര്യം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ഇത്തരത്തിലുള്ള വലിയ സുരക്ഷാ പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ട്. ഡല്‍ഹിയിലെ പല സര്‍ക്കാര്‍ ആശുപത്രികളിലെയും സ്ഥിതി സമാനമാണെന്നും രോഗികള്‍ ചാടിപ്പോകുന്ന കേസുകള്‍ പതിവാണെന്നും മേയര്‍ പറഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Post Your Comments