ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം നേരിടുന്ന ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണായക ഇടപെടലുമായി ഡിആര്‍ഡിഒ. ഒരോ മിനിറ്റിലും 1000 ലിറ്റര്‍ ഓക്‌സിജന്‍ വീതം ഉത്പ്പാദിപ്പിക്കാന്‍ കഴിയുന്ന രണ്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിച്ചാണ് ഡിആര്‍ഡിഒ മാതൃകയായത്. എയിംസിലും സഫ്ദര്‍ജംഗ് ആശുപത്രിയിലുമാണ് രണ്ട് പ്ലാന്റുകള്‍ പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്.
രണ്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ പ്രതിദിനം 195 രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ സാധിക്കും. പ്രതിദിനം 195 സിലിണ്ടറുകള്‍ 150 തവണ നിറക്കാന്‍ സാധിക്കുമെന്നതാണ് ഈ പ്ലാന്റുകളുടെ മറ്റൊരു സവിശേഷത. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ ഡല്‍ഹിയിലെ ആശുപത്രിയില്‍ ഓക്‌സിജന്റെ ആവശ്യം വലിയ തോതില്‍ വര്‍ധിച്ചിരുന്നു. ഐസിയു കിടക്കകളുടെ അപര്യാപ്തതയും ഓക്‌സിജന്‍ ലഭ്യതയുമായിരുന്നു കഴിഞ്ഞ മൂന്ന് ആഴ്ചയായി ഡല്‍ഹി നേരിട്ടിരുന്ന പ്രധാന പ്രതിസന്ധി.
ഇതോടെ ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് സഹായം ആവശ്യപ്പെട്ടു. പ്രതിസന്ധി നേരിടാന്‍ സായുധ സേനയെ വിന്യസിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയിലെ ആശുപത്രികള്‍ നേരിടുന്ന വെല്ലുവിളി മനസിലാക്കിയ ഡിആര്‍ഡിഒ നഗരത്തില്‍ പ്രത്യേക കോവിഡ് ആശുപത്രികള്‍ സജ്ജീകരിച്ചു. ഡല്‍ഹിയ്ക്ക് പുറമെ വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്റെ ലഭ്യതക്കുറവ് അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് വീണ്ടും ഡിആര്‍ഡിഒ ദൗത്യം ഏറ്റെടുത്ത് രംഗത്തെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 500 ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുകയാണ് ഡിആര്‍ഡിഒയുടെ ലക്ഷ്യം.
Post Your Comments