ന്യൂഡൽഹി : ഈ സീസണിൽ കഴിഞ്ഞ വർഷത്തേതിലും 70 ശതമാനം അധികം ഗോതമ്പ് സംഭരിച്ചതായി കേന്ദ്രസർക്കാർ. കേന്ദ്രപൂളിൽ ഞായറാഴ്ച വരെ 292.52 മെട്രിക് ടൺ ഗോതമ്പാണ് സംഭരിച്ചത്. 28.80 ലക്ഷം കർഷകർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിച്ചതെന്നും സർക്കാർ വ്യക്തമാക്കി.
പഞ്ചാബിലെ കർഷകർക്ക് ഗോതമ്പ് സംഭരിച്ച ഇനത്തിൽ ഇതുവരെ 17,495 കോടി രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടുകൾ വഴി നൽകിക്കഴിഞ്ഞതായും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. താങ്ങുവിലയുടെ അടിസ്ഥാനത്തിലാണ് സംഭരണം നടത്തിയത്. ഇതാദ്യമായിട്ടാണ് പഞ്ചാബിലെ കർഷകർക്ക് ഗോതമ്പ് സംഭരണത്തിന്റെ പണം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭിക്കുന്നത്.
പഞ്ചാബ് കൂടാതെ ഹരിയാന, ഉത്തർപ്രദേശ്, ചണ്ഡിഗഢ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഗോതമ്പ് സംഭരിക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. പഞ്ചാബിൽ നിന്ന് മാത്രം 114.76 മെട്രിക് ടൺ ഗോതമ്പാണ് സംഭരിച്ചത്. മൊത്തം സംഭരിച്ചതിന്റെ 39.23 ശതമാനം വരുമിത്. ഹരിയാനയിൽ നിന്നും 80.55 മെട്രിക് ടണ്ണും മദ്ധ്യപ്രദേശിൽ നിന്നും 73.76 മെട്രിക് ടണ്ണും ഗോതമ്പ് സംഭരിച്ചിട്ടുണ്ട്.
Post Your Comments