
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ വമ്പൻ വിജയത്തിനിടയിൽ തകർന്നടിഞ്ഞ ഒരു കൂട്ടരുണ്ട്, കോൺഗ്രസ്. കനത്ത തോൽവി നേരിട്ടതോട് കൂടെ പ്രതിപക്ഷത്ത് പൊട്ടിത്തെറിയെന്ന് റിപ്പോർട്ട്. നേതൃത്വമാറ്റത്തിനൊരുങ്ങുകയാണ് കോൺഗ്രസ് എന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനമാണ് ഇതിൽ ഏറ്റവും പ്രധാനം. നിലവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തന്നെ വീണ്ടുമൊരിക്കൽ കൂടി പരീക്ഷിക്കേണ്ടെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി പക്ഷമെന്നാണ് സൂചന.
ചെന്നിത്തലയെ മാറ്റി പകരം വി ഡി സതീശനെ കൊണ്ടുവരണമെന്നാണ് ഭൂരിഭാഗം പ്രവർത്തകരും ആവശ്യപ്പെടുന്നത്. ഉമ്മന്‍ ചാണ്ടി വരാനും സാധ്യതയില്ല. ആരോഗ്യ നിലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടിയില്ലെന്ന് വ്യക്തമാക്കിയത്. അങ്ങനെയെങ്കിൽ പുതിയ പേരുകള്‍ ഉയര്‍ന്നുവരുമെന്നും വിവരം. സതീശനെ കൂടാതെ മുതിര്‍ന്ന നേതാക്കളായ പി ടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു എന്നിവരും പരിഗണനയിലുണ്ട്.
Also Read:‘ഇനി നീ ഉറങ്ങിക്കോ ഫിറോസെ… ഉറക്കം വരില്ലെന്നറിയാം’; ഫിറോസ് കുന്നംപറമ്പിലിനോട് ജസ്ല മാടശ്ശേരി
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാനും സാധ്യതയുണ്ട്. പകരം കെ സുധാകരൻ കെപിസിസി അധ്യക്ഷനാകാനാണ് സാധ്യത. കോണ്‍ഗ്രസ്സ് നേതൃത്വം മാറ്റത്തേക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് താഴെത്തട്ടിലുള്ള പ്രവർത്തകർ തന്നെ ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ നേതൃത്വത്തിന് ശക്തമായ സ്വാധീനം ചെലുത്താൻ സാധിക്കാത്തതും പരാജയത്തിന് കാരണമായെന്ന് വിലയിരുത്തുന്നവർ ഉണ്ട്. അതിനാൽ തന്നെ കോണ്‍ഗ്രസ്സിന് ശക്തമായ ഒരു യുവ നേതൃത്വം അനിവാര്യമാണെന്നാണ് ഇക്കൂട്ടർ പറയുന്നത്.
താഴെ തട്ടിലെ അണികളെ ശക്തിപ്പെടുത്തുന്നതിനും ഗ്രുപ്പു വലികള്‍ക്ക് കടിഞ്ഞാനിടുന്നതിനും ഇനിയും പാര്‍ട്ടിക്ക് കഴിഞ്ഞില്ലെങ്കില്‍ പ്രതിപക്ഷ സ്ഥാനം പോലും ഉണ്ടാവാത്ത നിലയിലേക്ക് കോണ്‍ഗ്രസ് അടിപതറും എന്നും ഇവർ പറയുന്നു. വി ഡി സതീശനെ പോലെയുള്ള ശക്തരായ നേതാക്കളെ തിരിച്ചറിയാത്തതും മാറ്റിനിര്‍ത്തുന്നതും പാര്‍ട്ടിക്ക് വലിയ രീതിയില്‍ ദോഷം ചെയ്യുമെന്നും അണികള്‍ വ്യക്തമാക്കുന്നു.
പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചുമതല ഒഴിയാന്‍ അനുവദിക്കണമെന്നുമാണ് മുല്ലപ്പളളി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഏകപക്ഷീയ തീരുമാനം എടുക്കരുതെന്ന് മുല്ലപ്പളളിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരാജയത്തിന് കൂട്ടുത്തരവാദിത്തമുണ്ട്. അതിനാല്‍ കൂട്ടായ ആലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും ചെന്നിത്തല മുല്ലപ്പളളിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments