KeralaLatest NewsNewsDevotional

ശബരിമലയില്‍ നെയ്യഭിഷേകം എന്തിന് ?

ശ്രീ അയ്യപ്പനുള്ള ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണു നെയ്യഭിഷേകം. കായികവും വാചികവും മാനസികവുമായ സകല പാപപരിഹാരാര്‍ഥവും ഭക്തന്റെ ദുരിത ശാന്തിക്കായും നടത്തുന്ന ഒന്നായാണ് നെയ്യഭിഷേകത്തെ കരുതുന്നത്. ശബരിമലയിലെ ഏറ്റവും പ്രധാന വഴിപാടും ഇതുതന്നെ.  ശബരിമലയിലേക്കുവരുന്ന ഭക്തന്‍ നെയ്യഭിഷേകം നടത്തിയേ മടങ്ങാവൂ എന്നാണു ആചാരം. ഇരുമുടിയില്‍ നെയ്‌ത്തേങ്ങകളുമായി പതിനെട്ടാം പടികയറി അയ്യപ്പനെ ദര്‍ശിച്ചശേഷം തേങ്ങയ്ക്കുള്ളിലെ നെയ്യ് ഭഗവാനെ അഭിഷേകം ചെയ്യാനായി നല്‍കുന്നു. അഭിഷേകശേഷം ആടിയ നെയ്യ് സ്വീകരിക്കുകയും തേങ്ങാമുറികള്‍ പതിനെട്ടാം പടിക്കു താഴെയുള്ള ആഴിയില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു.

ഇരുമുടിക്കെട്ടില്‍ കരുതുന്ന ഏറ്റവും പ്രധാനവസ്തു നെയ്‌ത്തേങ്ങകളാണ്. ഉത്തമമായ നാളികേരം വൃത്തിയാക്കി ഉള്ളിലെ വെള്ളം കളഞ്ഞു ഉണക്കിയാണു നെയ്‌ത്തേങ്ങ തയ്യാറാക്കുന്നത്. തേങ്ങയില്‍ നെയ് നിറയ്ക്കുമ്പോള്‍ ജപിക്കേണ്ട മന്ത്രം ഇതാണ്.

കേരമൂലേസ്ഥിതോ ബ്രഹ്മാഃ കേരമദ്ധ്യേതു മാധവഃ
കേരകണ്‍ഠേസ്ഥിതഃശംഭുകേരാഗ്രേ സര്‍വ്വദേവതാഃ
കേരമൂലേസ്ഥിതാവാണീ കേരമദ്ധ്യേ രമാ സ്ഥിതാ
കേരകണ്‍ഠേസ്ഥിതാഗൗരീകേരാഗ്രേ സര്‍വ്വദേവതാഃ
കര്‍മ്മണാ മനസാ വാചാ ശുദ്ധ്യാ ഭക്ത്യാജഗദ്ഗുരോ
ഗുപ്തസ്യദേവകാര്യാര്‍ത്ഥം പൂരയന്‍ കപിലാഘൃതം
ഗന്ധപുഷ്പാക്ഷതൈര്‍ ഭക്ത്യാകുശാഗ്രേ പൂജിതൈരപി
ഘൃതം പൂരയതാം ശുദ്ധം കേരേകേരേയഥാവിധി

മന്ത്രത്തിന്റെ അര്‍ത്ഥം ഇപ്രകാരമാണ്. ‘തേങ്ങയുടെ കീഴ്ഭാഗത്തു ബ്രഹ്മാവും സരസ്വതിയും, മദ്ധ്യത്തില്‍ വിഷ്ണുവും ലക്ഷ്മിയും കണ്ഠത്തില്‍ ശിവനും പാര്‍വ്വതിയും മുകളില്‍ സര്‍വ്വ ദേവീദേവകളും കുടിയിരിക്കുന്നു. മനസാവാചാകര്‍മ്മണാ ചെയ്ത സര്‍വ കര്‍മ്മങ്ങളേയും ശുദ്ധീകരിച്ചവനായി ഭക്തിയോടെ ജഗദ്ഗുരുവും ഗുപ്തനുമായ (രഹസ്യാത്മകനായ) ദേവനു വേണ്ടി ഞാന്‍ നെയ്യ് ഈ തേങ്ങയില്‍ നിറയ്ക്കുന്നു.  ഗന്ധപുഷ്പാക്ഷതങ്ങളാല്‍ കുശാഗ്രം(ദര്‍ഭ)കൊണ്ട് പൂജിക്കപ്പെട്ട നെയ്യ് നാളികേരങ്ങളില്‍ യഥാവിധി നിറയ്ക്കുന്നു’. ഇതിനൊപ്പം ശരണം വിളികളുമായും നെയ്‌തേങ്ങകള്‍ നിറയ്ക്കാം.

ദുഷ്ചിന്തകളും ആഗ്രഹങ്ങളും മൂലം കാഠിന്യമേറിയ ശരീരത്തെ (സ്ഥൂലശരീരത്തെ) സൂചിപ്പിക്കുന്നതാണു തേങ്ങയുടെ പുറന്തോട്. കാഠിന്യമേറിയ ശരീരത്തിനുള്ളിലെ ഉള്‍ക്കാമ്പില്‍ അതായതു മനസ്സിനുള്ളില്‍ നിറഞ്ഞിരിക്കുന്ന വിഷയാസക്തികളെ ഒഴുക്കിക്കളഞ്ഞ് ഭക്തിയാകുന്ന നെയ്യ് നിറച്ച് ആ നെയ്യാല്‍ ഭഗവാനെ അഭിഷേകംചെയ്യുന്നു എന്ന സങ്കല്‍പ്പവും നെയ്യഭിഷേകത്തിനു പിന്നിലുണ്ട്. അഭിഷേകത്തിനുള്ള നെയ്യ് പരിശുദ്ധമായിരിക്കണം എന്നതിനര്‍ത്ഥം നമ്മുടെ ഭക്തിയും പരിശുദ്ധമായിരിക്കണം എന്നാണ്. നെയ്‌ത്തേങ്ങയിലെ നെയ്യ് ജീവാത്മാവിനെ സൂചിപ്പിക്കുന്നു. ജീവാത്മാവിനെ പരമാത്മാവായ അയ്യപ്പനില്‍ സംഗമിപ്പിക്കുന്നതാണു നെയ്യഭിഷേകം. അഭിഷേകത്തിനു നെയ്യ് എടുത്തശേഷമുള്ള തേങ്ങാമുറികള്‍ ജീവാത്മാവ് വേറിട്ട ശരീരം  എന്നുകരുതുന്നതിനാല്‍ ആഴിയിലെ അഗ്‌നിയില്‍ സമര്‍പ്പിച്ച് ഭസ്മീകരിക്കുന്നു.

ബ്രഹ്മരന്ധ്രത്തില്‍ നിന്നും അമൃതധാര പൊഴിക്കുന്ന മഹായോഗിയെ പ്രതീകവല്‍ക്കരിക്കുകയാണു ഘൃതാഭിഷിക്തനായ ശാസ്താവിലൂടെ. ദേവാദികള്‍ പാലാഴികടഞ്ഞപ്പോള്‍ ഉണ്ടായത് അമൃതാണ്. ആ അമൃതിന്റെ സംരക്ഷകനാണു ശാസ്താവ്. മനുഷ്യരായ നമ്മള്‍ രൂപമാറ്റം സംഭവിച്ച പാലിനെ കടഞ്ഞ് നെയ്യെടുക്കുന്നു. അതിനാല്‍ ഭക്തര്‍ ഭഗവാനു നെയ്യ് സമര്‍പ്പിക്കുന്നു. അയ്യപ്പവിഗ്രഹത്തില്‍ ആടിയ നെയ്യ്  അമൃതസമമായി കൈക്കൊള്ളുകയുംചെയ്യുന്നു. നിവേദ്യാദികള്‍ സമര്‍പ്പിക്കുമ്പോള്‍ അതിന്റെ രസം ഭഗവാന്‍ സ്വീകരിക്കുകയും നിവേദ്യം ഭക്തര്‍ക്ക് പ്രസാദമായി ലഭിക്കുകയുംചെയ്യുന്നതുപോലെ അഭിഷേകം ചെയ്യുമ്പോള്‍ നെയ്യിലെ ഭക്തിരസം ഭഗവാന്‍ സ്വീകരിക്കുകയും തന്റെ ചൈതന്യം നെയ്യിലേക്കു പകരുകയും ചെയ്യുന്നു. പ്രസാദമായി നെയ്യ് സേവിക്കുന്ന ഭക്തര്‍ അയ്യപ്പചൈതന്യം നിറയുന്നവരാവുകയും സംസാരജീവിതത്തെ കൂടുതല്‍ കരുത്തോടെ നേരിടാന്‍ കര്‍മ്മോത്‌സുകരാവുകയും ചെയ്യുന്നു.

അഭിഷേകത്തിനു കൊണ്ടുപോകുന്ന നെയ്യിന്റെ വിശുദ്ധി അയ്യപ്പന്മാര്‍ ഉറപ്പുവരുത്തണം. അതേപോലെ അഭിഷേകം കഴിഞ്ഞുകിട്ടുന്ന നെയ്യും പരമപവിത്രമായിവേണം കൈകാര്യം ചെയ്യുവാന്‍. ദിവ്യൗഷധസേവപോലെ കരുതി നെയ്യ് സേവിക്കുക. മറ്റൊരാവശ്യങ്ങള്‍ക്കും ആടിയശിഷ്ടം നെയ്  ഉപയോഗിക്കാതിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button