കുണ്ടറയിലും തൃപ്പൂണിത്തറയിലും എൽ.ഡി.എഫ് തോറ്റത് വോട്ടു കച്ചവടം നടത്തിയതുകൊണ്ടാണെന്നും, തെരഞ്ഞെടുപ്പിന് മുൻപ് തങ്ങൾ ജയിക്കാൻ പോവുകയാണെന്ന് യു.ഡി.എഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചത് ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തിയതിന്റെ ഫലമായിട്ടാണെന്നും പിണറായി വിജയൻ. നാട്ടിലുള്ള യാഥാർഥ്യങ്ങൾ കച്ചവടക്കണക്കിലൂടെ അട്ടിമറിക്കാമെന്നാണ് യു.ഡി.എഫ് കരുതിയതെന്നും, ഈ കച്ചവടത്തിലൂടെ ബിജെ.പി വോട്ടുകൾ നല്ല രീതിയിൽ യു.ഡി.എഫിന് വാങ്ങാനായെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തിലെ 140 മണ്ഡലങ്ങളിൽ അടിവെച്ച് മുന്നറുമെന്നാണ് ബി.ജെ.പി അവകാശപ്പെട്ടിരുന്നത്. അതിനവർ ഏറെ ശ്രമിക്കുന്നുമുണ്ട്. പണവും ചെലവഴിക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിന്‍റെ ഫലം വന്നപ്പോൾ 140 ൽ 90 മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വോട്ടു കുറഞ്ഞു. ഇത്ര ഭീമമായ രീതിയിൽ എങ്ങനെ വോട്ടു കുറഞ്ഞു? പുതിയ വോട്ടർമാർ വന്നതിന്‍റെ വർധനവും ഉണ്ടായില്ല. ഇത്രമാത്രം പ്രവർത്തനം നടത്തിയിട്ടും എന്തുകൊണ്ടാണ് അത് യാഥാർഥ്യമാക്കാനാവാതെ പോയത്? ഇത്ര വലിയ ചോർച്ച മുമ്പൊന്നും ഉണ്ടായിട്ടില്ല’. പിണറായി പറഞ്ഞു.
വോട്ട് മറിച്ചതിന് പ്രകടമായ തെളിവുകളുണ്ടെന്നും പത്തോളം മണ്ഡലങ്ങളിൽ ഇടത് പക്ഷം പിന്നോട്ട് പോയത് വോട്ട് മറിച്ചതിനെ തുടർന്നാണെന്ന് വ്യക്തമാണെന്നും പിണറായി വിജയൻ പറഞ്ഞു. അല്ലായിരുന്നുവെങ്കിൽ പതനം ഇതിനേക്കാൾ കടുത്തതായിരുന്നേനേയെന്നും പിണറായി കൂട്ടിച്ചേർത്തു.
Post Your Comments