ബീജിംഗ്: ഇന്ത്യയിലെ കോവിഡ് മരണങ്ങളെ പരിഹസിച്ച് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വിവാദ പോസ്റ്റുകളും ഇമേജുകളും പ്രചരിക്കുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു അക്കൗണ്ടില്‍ നിന്നാണ് ചൈനീസ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ വെയിബോയില്‍ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. ഇതിനെതിരായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിന് പിന്നാലെ ഈ പോസ്റ്റ് ഡിലിറ്റ് ചെയ്യപ്പെട്ടുവെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ പൊളിറ്റിക്കല്‍ ആന്‍ഡ് ലീഗല്‍ അഫയേഴ്സ് കമ്മീഷന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് ഇന്ത്യയെയും ഇന്ത്യന്‍ ജനതയെയും അപമാനിക്കുന്ന ഇമേജ് ഷെയര്‍ ചെയ്യപ്പെട്ടത്. രണ്ട് ചിത്രങ്ങളാണ് ഇതിലുള്ളത്. ഒന്നില്‍, ചൈനയുടെ റോക്കറ്റ് തീ കത്തിക്കൊണ്ട് പറന്നുയരുന്ന ചിത്രമാണ്. മറ്റേതില്‍, ഇന്ത്യയില്‍ കോവിഡ് ബാധിച്ച മരിച്ചവരുടെ ചിതയ്ക്ക് തീകൊളുത്തുന്ന ചിത്രവും. ഒപ്പം, ചൈനയില്‍ ഒരു തീ കത്തിക്കുന്നു; ഇന്ത്യയില്‍ ഒരു തീ കത്തിക്കുന്നു എന്ന അടിക്കുറിപ്പുമുണ്ട്.
ചൈന റോക്കറ്റുകള്‍ ആകാശത്തേക്ക് വിടുമ്പോള്‍ ഇന്ത്യ കോവിഡ് മരണങ്ങളില്‍ വലയുകയാണ് എന്ന് പറയുന്ന ഈ ഇമേജിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇത് ശരിയാണോയെന്നും ഇതുപോലൊരു സമയത്ത് ഇന്ത്യയുടെ കൂടെ നില്‍ക്കുകയാണ് വേണ്ടതെന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്. ശനിയാഴ്ച പ്രത്യക്ഷപ്പെട്ട പോസ്റ്റ് പിറ്റേന്ന് നീക്കം ചെയ്തതായാണ് വിവരം.
ഇന്ത്യയുടെ കോവിഡ് പ്രതിസന്ധിയില്‍ ദു:ഖം രേഖപ്പെടുത്തി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സന്ദേശം അയച്ച് പിറ്റേ ദിവസമാണ് ഇത്തരത്തില്‍ ഒരു ഇമേജ് പ്രത്യക്ഷപ്പെട്ടത്.
Post Your Comments