കൊല്‍ക്കത്ത: ബംഗാളില്‍ മൂന്നാം തവണയും തൃണമൂല്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ വിധി നിര്‍ണയിക്കപ്പെട്ടത് ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റേതാണ്.2016 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് 44 സീറ്റാണ് ലഭിച്ചത്. കൂടാതെ 12.25 ശതമാനം വോട്ടും നേടി. എന്നാല്‍ ഇത്തവണ അവര്‍ ഇതുവരെ പിടിച്ചിട്ടുള്ളത് 2.08 ശതമാനം വോട്ട് മാത്രമാണ്. അതായത് ഏകദേശം പത്ത് ശതമാനം വോട്ട് കുറഞ്ഞു.
സഖ്യകക്ഷിയായ സിപിഎമ്മിനും വോട്ട് ചോര്‍ച്ചയുണ്ട്. അവര്‍ക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 15 ശതമാനം വോട്ടാണ് കുറഞ്ഞത്. പല സമയത്തും അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സിന് ഭാഗ്യമുണ്ടെങ്കില്‍ ഒരാളെ ഇത്തവണ നിയമസഭയിലേക്ക് അയക്കാം. ഒരു സീറ്റില്‍ മാത്രമാണ് ഇത്തവണ കോണ്‍ഗ്രസ് മുന്നേറുന്നത്. കോണ്‍ഗ്രസ്സും ഇടത് പാര്‍ട്ടികളും ഇത്തവണ സംയുക്തമോര്‍ച്ചയെന്ന പേരില്‍ മുന്നണിയായാണ് മല്‍സരിച്ചത്.
അവസാന ഫലം വന്നിട്ടില്ലെങ്കിലും മുന്നണി ഒരു പരാജയമാണെന്ന് വ്യക്തമായിക്കഴിഞ്ഞു. 294 സീറ്റില്‍ മല്‍സരിച്ച സഖ്യം ഒരു സീറ്റില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. ആ സീറ്റ് കോണ്‍ഗ്രസ്സിന്റേതാണെന്നാണ് ആകെ ഒരാശ്വാസം. അതേസമയം ബിജെപിക്ക് കഴിഞ്ഞ തവണ 3 സീറ്റാണ് ലഭിച്ചത്. 10.16 ശമതാനം വോട്ടും ലഭിച്ചു. എന്നാല്‍ ഇത്തവണ അവരുടെ സാധ്യതാ സീറ്റുകളുടെ എണ്ണം 76 ആയി. വോട്ട് വിഹിതം 37.74 ആയിട്ടുമുണ്ട്.
209 സീറ്റാണ് 2016 തിരഞ്ഞെടുപ്പില്‍ തൃണമൂലിന് ലഭിച്ചത്. ഇത്തവണ അത്രത്തോളെത്തില്ലെങ്കിലും 200നും 205നും ഇടയില്‍ സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതുവരെ ലഭിച്ച വോട്ടിന്റെ കണക്കുവച്ച് തൃണമൂലിന് 48.50 ശതമാനം വോട്ടാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ ഇത് 44.91 ശതമാനമായിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ ഇതില്‍ ചെറിയ മാറ്റമുണ്ടാവും. പക്ഷേ, പ്രവണത അതുപോലെത്തന്നെ തുടരും.
Post Your Comments