ഡൽഹി: ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ വ്യാപനം നിയന്ത്രണാതീതമാകുന്ന സാഹചര്യത്തിൽ രാജ്യം എത്രയും പെട്ടന്ന് അടച്ചിടണമെന്ന് അമേരിക്കൻ ആരോഗ്യ വിദഗ്ധൻ ഡോ. ആൻറണി എസ്. ഫൗചി. അടിയന്തരമായി അടച്ചുപൂട്ടുകയാണെങ്കിൽ ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ഇന്ത്യയിലെ അതി തീവ്രവ്യാപനം നിയന്ത്രിക്കാൻ സാധിക്കുമെന്നും ബുദ്ധിമുട്ടേറിയ ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്നും നിർണായകമായ നടപടികൾ കൈക്കൊള്ളാനുള്ള ഒരു വഴി തെളിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ തീരുമാനമെടുക്കേണ്ടത് രണ്ടാഴ്ചക്കുള്ളിൽ ചെയ്യാവുന്ന ഇടക്കാല നടപടികളെ കുറിച്ചാണെന്നും അത് പല ഘട്ടങ്ങളിലായി ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. ആളുകൾക്ക് വാക്സിനേഷൻ നൽകുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ, ഓക്സിജനും ആശുപത്രികളിൽ പ്രവേശനവും വൈദ്യസഹായവും ആവശ്യമുള്ള ആളുകളുടെ പ്രശ്നം ഉടനടി പരിഹരിക്കാൻ അതിനാകില്ല. ഇവിടെ ശത്രി വൈറസാണ്. ആ ശത്രു എവിടെയാണെന്ന് എന്ന് നിങ്ങൾക്ക് അറിയാം. അതുകൊണ്ട് ഇതൊരു യുദ്ധമാണെന്ന് കരുതി പ്രവർത്തിക്കുക. വാക്സിൻ വിതരണമടക്കമുള്ള ആവശ്യങ്ങൾക്ക് സൈന്യത്തിന്റെ സഹായം തേടുന്നത് തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ചൈന കോവിഡ് പ്രതിസന്ധി നേരിട്ടപ്പോൾ ചെയ്ത കാര്യങ്ങളാണ് ഇന്ത്യയ്ക്ക് ഏറെ പ്രധാനപ്പെട്ടതായി എനിക്ക് തോന്നുന്നത്. ഏതാനും ദിവസങ്ങളും ആഴ്ചകളും മാത്രമെടുത്ത് ആളുകളെ പരിപാലിക്കുന്നതിനായി ചൈന അടിയന്തിര യൂണിറ്റുകൾ നിർമ്മിച്ചു. അവ ആശുപത്രികളായി പ്രവർത്തിക്കുകയും ചെയ്തു. എല്ലാവരേയും അത്ഭുതപ്പെടുത്തിയ ഒരു നേട്ടമായിരുന്നു അത്. ടെലിവിഷനിൽ കാണുന്ന വാർത്തകളിൽ നിന്നും ഞാൻ മനസിലാക്കുന്നത്, ഇന്ത്യയിലെ ആളുകൾക്ക് ഇപ്പോൾ ആവശ്യം ആശുപത്രികളും പരിപാലനവുമാണ്’. -ഫൗചി പറയുന്നു.
Post Your Comments