ന്യൂഡൽഹി : കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ സഹായവുമായി കൂടുതൽ ക്ഷേത്രങ്ങൾ. രാജ്യത്തെ നിരവധി ക്ഷേത്രങ്ങൾ കോവിഡ് കെയർ സെന്ററുകളായി മാറി.
Read Also : ഗണപതിക്ക് മുന്നില്‍ നാളികേരം ഉടയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗുജറാത്തിലെ വഡോദരയിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രം യജ്ഞപുരുഷ് സഭ എന്ന കെട്ടിടത്തെ കൊറോണ കെയർ സെന്ററാക്കി മാറ്റി കഴിഞ്ഞു .ഈ സെന്ററിൽ 500 കിടക്കകൾ, ലിക്വിഡ് ഓക്സിജൻ ടാങ്കുകൾ, പൈപ്പ്ഡ് ഓക്സിജൻ ലൈനുകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഏപ്രിൽ 13 മുതൽ പ്രവർത്തനക്ഷമമായ ഈ കൊറോണ കെയർ സെന്ററിൽ ഇതുവരെ 45 ഓളം രോഗികളെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
ശ്രീ സ്വാമിനാരായണ ക്ഷേത്രവും രോഗികൾക്കായി ചികിത്സാ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഓക്സിജനും വെന്റിലേറ്ററുകളും അടക്കമുള്ള ഐ സി യു റൂമുകളാണ് ക്രമീകരിച്ചിരിക്കുന്നത് . നിലവിൽ 300 കിടക്കകളാണ് ഇവിടെ ഉള്ളത്. 200 എണ്ണം കൂടി ഉടൻ സജ്ജമാക്കുമെന്ന് ക്ഷേത്ര പുരോഹിതൻ ഗ്യാൻ വത്സൽ സ്വാമി അറിയിച്ചു.
പുരി ജഗന്നാഥ ക്ഷേത്രം നിലാചൽ ഭക്ത നിവാസിനെ കൊറോണ കെയർ സെന്ററായി മാറ്റാൻ തീരുമാനിച്ചു. 120 കിടക്കകളാണ് ഇവിടെ സജ്ജമാക്കുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട സേവകർക്കും ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള ഒരു പ്രത്യേക കേന്ദ്രമായി ഇത് പ്രവർത്തിക്കും. ഇതിനുപുറമെ, 1.51 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്രം സംഭാവന ചെയ്തിരുന്നു.പുരി ക്ഷേത്രത്തെ കൂടാതെ ഒറീസയിലെ മറ്റ് 62 ചെറിയ ക്ഷേത്രങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
മുംബൈ കണ്ഡിവാലിയിലെ പവന്ധം ക്ഷേത്രത്തിന്റെ ഭാഗമായുള്ള നാല് നില കെട്ടിടത്തെയും 100 കിടക്കകളുള്ള കൊറോണ കെയർ സെന്ററാക്കി മാറ്റി. 50 കിടക്കകളിൽ ഓക്സിജൻ കോൺസെൻട്രേറ്റർ യൂണിറ്റ്, പൾസ് ഓക്സിമീറ്റർ, പോർട്ടബിൾ ബിപി ഉപകരണം, മോണിറ്റർ മെഷീൻ എന്നിവ സജ്ജീകരിച്ചിട്ടുണ്ട് . 10 ഡോക്ടർമാർ ഉൾപ്പെടെ 50 ലധികം മെഡിക്കൽ സ്റ്റാഫുകളെയും വിന്യസിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം കൊറോണ സെന്ററായി മാറ്റിയ ക്ഷേത്രത്തിൽ 2000 ലധികം രോഗികൾക്ക് ചികിത്സ നൽകിയിരുന്നു.
പട്‌നയിലെ മഹാവീർ ക്ഷേത്രം രോഗബാധിതർക്ക് സൗജന്യ ഓക്സിജൻ സിലിണ്ടറുകൾ നൽകുന്നുണ്ട് . മുംബൈയിലെ ജൈന ക്ഷേത്രം കൊറോണ ചികിത്സാ സെന്ററായി മാറ്റി. കഴിഞ്ഞ വർഷം ഇവിടെ 100 കിടക്കകളുള്ള പാത്തോളജി ലാബ് നിർമ്മിക്കുകയും 2000 രോഗികൾക്ക് ചികിത്സ നൽകുകയും ചെയ്തു.
മഹാരാഷ്ട്രയിലെ ഏറ്റവും വലിയ മതകേന്ദ്രങ്ങളിലൊന്നാണ് ബുൾദാന ജില്ലയിലെ സന്ത് ഗജാനൻ മഹാരാജ് ക്ഷേത്രം. ഇവിടെ, കൊറോണ രോഗിക്കായി 500 കിടക്കകളുടെ പ്രത്യേക കോംപ്ലക്സുകൾ നിർമ്മിച്ചിട്ടുണ്ട്. 2,000 ആളുകൾക്ക് സൗജന്യമായി ഭക്ഷണം തയ്യാറാക്കി നൽകാൻ ഒരു കമ്മ്യൂണിറ്റി അടുക്കളയുമുണ്ട്.
പ്രായമായവർ, കുട്ടികൾ, രോഗികൾ, ഗർഭിണികൾ എന്നിവർക്ക് സൗജന്യ ഭക്ഷണ സൗകര്യമാണ് ഇസ്‌കോൺ ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേക കമ്മ്യൂണിറ്റി അടുക്കളയും ക്ഷേത്രം ആരംഭിച്ചു.
കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുമെന്ന് അയോദ്ധ്യ രാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് പ്രഖ്യാപിച്ചു. 55 ലക്ഷം രൂപയുടെ പ്ലാന്റ് ദശരഥ മെഡിക്കൽ കോളേജിലാണ് സ്ഥാപിക്കുക.
Post Your Comments