നടൻ ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് നേരെ നടൻ സന്തോഷ് കീഴാറ്റൂർ ചെയ്ത കമന്റ് ഏറെ ചർച്ച ചെയ്യപ്പെടുകയും വിവാദത്തിനിടയാക്കുകയും ചെയ്തിരുന്നു. ഉണ്ണിയും ഇതിന് മറുപടി നൽകിയതോടെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. ഇപ്പോഴിതാ വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സന്തോഷ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ഇക്കാര്യത്തെക്കുറിച്ച് മനസ് തുറന്നത്.
സന്തോഷ് കീഴാറ്റൂരിന്റെ വാക്കുകൾ.
‘ഞാൻ ഒരു മതവിശ്വാസത്തിനെയോ ദൈവത്തെയോ എതിർക്കുന്ന ആളല്ല. ഈശ്വരൻ രക്ഷിക്കുമോ എന്ന് ചോദിക്കുന്നതിൽ എന്താണ് തെറ്റ്? രക്ഷിക്കില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. മനുഷ്യൻ ഓക്സിജൻ പോലും കിട്ടാതെ പിടഞ്ഞു മരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ആ സമയത്താണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ് കാണുന്നത്. ഞാനും ഒരു വിശ്വാസി തന്നെയാണ്. അതൊരു വിശ്വാസിയുടെ നിർദോഷകരമായ സംശയം മാത്രമായിരുന്നു.
ഉണ്ണിയോട് സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് കമന്റ് ചെയ്തത്.അതിൽ ഞങ്ങൾക്ക് രണ്ടുപേർക്കും വിഷമമില്ല. എന്റെ കമന്റ് ഉണ്ണിക്ക് വിഷമമുണ്ടാക്കിയോ എന്ന് സംശയിച്ചാണ് ഞാൻ അത് ഡിലീറ്റ് ചെയ്തത്. അല്ലാതെ പേടിച്ച് ഓടിപ്പോയതല്ല. അതിന്റെ സ്ക്രീൻ ഷോട്ട് എടുത്തു പ്രചരിപ്പിക്കുന്നവരോട് സഹതാപമേ ഉള്ളൂ. ഞാൻ ഒരു രാഷ്ട്രീയ കക്ഷിയിൽ വിശ്വസിക്കുന്ന ഒരാളാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ആ കക്ഷിയോടുള്ള വെറുപ്പാണ് ഇത്തരത്തിൽ സൈബർ ആക്രമണം നടത്തുന്നതിന് പിന്നിൽ.’ സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
Post Your Comments