ഹൈദരാബാദ്: തെലങ്കാനയിൽ കോവിഡ് വാക്‌സിൻ വിതരണത്തിന് പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോണുകൾ ഉപയോഗിക്കാൻ അനുമതി. കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡിജിസിഎയുമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നൽകിയിരിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന കർശന നിർദ്ദേശത്തോടെയാണ് അനുമതി നൽകിയിരിക്കുന്നത്.
ഒരു വർഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോണുകൾ ഉപയോഗിക്കാൻ അനുമതി നൽകിയത്. ജനസംഖ്യ, ഭൂമിശാസ്ത്രം, ഒറ്റപ്പെട്ട മേഖല എന്നിവ പരിഗണിച്ചാവും ഡ്രോൺ ഉപയോഗം. തെരഞ്ഞെടുത്ത മേഖലകളിൽ മാത്രമായിരിക്കും ഡ്രോണുകൾ വഴി വാക്‌സിൻ എത്തിക്കുക. ഇതിലൂടെ വാക്‌സിൻ വിതരണം കൂടുതൽ വേഗത്തിലാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
പിന്നോക്ക മേഖലയിൽ ഉൾപ്പെടെ വാക്‌സിൻ വിതരണം ഉറപ്പാക്കാനും മെഡിക്കൽ സപ്ലൈ വിതരണം മെച്ചപ്പെടുത്താനും സമ്പർക്കം കുറയ്ക്കാനും ഡ്രോൺ ഉപയോഗം സഹായിക്കുമെന്നും അധികൃതർ കണക്കാക്കുന്നു. ഹൈദരാബാദ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഹെപികോപ്റ്റർ എന്ന സ്റ്റാർട്ട് അപ്പാണ് ഡ്രോൺ വഴി വാക്‌സിൻ വിതരണം ചെയ്യാം എന്ന ആശയവുമായി മുന്നോട്ട് വന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത്, പബ്ലിക് ഹെൽത്ത് ഫൗണ്ടേഷനുമായി ചേർന്ന് തെലങ്കാന സർക്കാരിന്റെ ആരോഗ്യ ഉപകരണ വിതരണ മേഖലയിൽ സജീവമാണ് ഹെപികോപ്റ്റർ.
Read Also: കോവിഡ് വ്യാപനം; സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണ്ണയം മാറ്റിവെച്ചു
Post Your Comments