കുട്ടികളെയും മുതിർന്നവരേയും ഒരു പോലെ അലട്ടുന്ന പ്രശ്നമാണ് മുടിയിലെ താരൻ. അമിതമായ സെബം, തലമുടി ശരിയായ രീതിയിൽ കഴുകാതിരിക്കുക, വളരെ വരണ്ട തലയോട്ടി തുടങ്ങി നിരവധി കാരണങ്ങളാൽ താരൻ ഉണ്ടാകാം. എന്നാൽ താരൻ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മാർഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
കറ്റാർവാഴ ജെൽ
താരൻ അകറ്റാൻ മികച്ചൊരു പ്രതിവിധിയാണ് കറ്റാർവാഴ ജെൽ. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയാണ് താരൻ അകറ്റാൻ സഹായിക്കുന്നത്. രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെൽ തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക.
വെളിച്ചെണ്ണ
ചർമ്മത്തിലെ ചുളിവുകളും പാടുകളും കുറയ്ക്കുന്നതിന് മാത്രമല്ല താരൻ അകറ്റാനും വെളിച്ചെണ്ണയ്ക്ക് കഴിയും. ദിവസവും കുളിക്കുന്നതിന് മുമ്പ് വെളിച്ചെണ്ണ ഉപയോഗിച്ച് 15 മിനുട്ട് തല മസാജ് ചെയ്യുക. ഇത് മുടികൊഴിച്ചിൽ കുറയ്ക്കാനും താരൻ അകറ്റാനും സഹായിക്കും.
നാരങ്ങ നീര്
നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ചില ആന്റിസെപ്റ്റിക് ഘടകങ്ങളാണ് താരൻ അകറ്റാൻ സഹായിക്കുന്നത്. ഇത് പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുകയും തലയോട്ടിയിൽ നിന്ന് അധിക എണ്ണ നീക്കം ചെയ്യുകയും ചെയ്യുന്നു.
രണ്ട് ടീസ്പൂൺ നാരങ്ങ നീരും മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഇത് മുടിയിൽ പുരട്ടുക. പത്ത് മിനുട്ട് നന്നായി മസാജ് ചെയ്ത് ശേഷം വീണ്ടും 15 മിനുട്ട് ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. താരൻ അകറ്റാൻ മാത്രമല്ല മുടി വളരാനും ഇത് സഹായിക്കും.
Post Your Comments