ഇടവെട്ടി: കൊവിഡ് ലക്ഷണങ്ങളുള്ള വൃദ്ധയെ മകളുടെ വീടിന് സമീപമുള്ള പെരുവഴിയില്‍ ഇറക്കിവിട്ട് മകന്‍ കടന്നു കളഞ്ഞു. തുടര്‍ന്ന് 85 കാരിയെ ആരോഗ്യപ്രവര്‍ത്തകരും പൊലീസും മകളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഇവര്‍ക്ക് പനിയും ശ്വാസം മുട്ടലുമുണ്ട്. തൊടുപുഴ ഇടവെട്ടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ തൊണ്ടിക്കുഴയിലാണ് സംഭവം.
മകനൊപ്പമായിരുന്നു വൃദ്ധ താമസിച്ചിരുന്നത്. മകന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് വൃദ്ധയെ മറ്റൊരു മകന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ഈ മകന്‍ വ്യാഴാഴ്ച വൃദ്ധയെ തൊണ്ടിക്കുഴയിലെ മകളുടെ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു.എന്നാല്‍, മകളുടെ വീട്ടിലാക്കാതെ സമീപമുള്ള റോഡില്‍ വയോധികയെ ഇറക്കിവിട്ട് ഇയാള്‍ സ്ഥലം വിടുകയായിരുന്നെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
തുടർന്ന് അയല്‍വാസികള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ആശാ പ്രവര്‍ത്തക നിജയും പഞ്ചായത്തംഗം സുബൈദ അനസും ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥന്‍ റിയാസും സ്ഥലത്തെത്തിയത്. വഴിയില്‍ വീണ് പരിക്കേറ്റെങ്കിലും ഇവര്‍ മകളുടെ വീട് വരെ നടന്നെത്തിയിരുന്നു. അപ്പോഴേക്കും നഗരത്തില്‍ പോയിരുന്ന മകളും തിരിച്ചെത്തി.
ഉടന്‍തന്നെ വൃദ്ധയെ ജില്ലാ ആശുപത്രിയില്‍ കൂട്ടികൊണ്ടുപോയി വൈദ്യ സഹായം നല്‍കി.വൃദ്ധയെ ഇപ്പോള്‍ ആദ്യം താമസിച്ചിരുന്ന വീട്ടില്‍ തന്നെ ആക്കിയിട്ടുണ്ട്. അടുത്ത ദിവസം കൊവിഡ് പരിശോധനയ്ക്ക് വിധേയയാക്കും. മകനെതിരെ ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തൊടുപുഴ സി.ഐയ്ക്ക് പരാതി നല്‍കി.
Post Your Comments