കള്ളപ്പണം വെളുപ്പിക്കൽ; റോസ് വാലി ഗ്രൂപ്പിന്റെ കോടികളുടെ ആസ്തി ഇ.ഡി കണ്ടുകെട്ടി

ഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ അന്വേഷണം നേരിടുന്ന റോസ് വാലി ഗ്രൂപ്പിന്റെ 304 കോടി വിലമതിക്കുന്ന ആസ്തി കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. നിലവിൽ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന റോസ് വാലി ഗ്രൂപ്പിനെതിരെ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും സമാന്തരമായി അന്വേഷണം നടത്തിവരികയായിരുന്നു.

റോസ് വാലി കമ്പനിക്കെതിരെ 2013 ലാണ് പശ്ചിമ ബംഗാളില്‍ ചിട്ടി തട്ടിപ്പ് ആരോപണം ഉയര്‍ന്നുവന്നത്. രാജ്യമെമ്പാടുമുള്ള നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച പണം തട്ടിയെടുത്തു എന്നായിരുന്നു പരാതി. 17,520 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് പ്രാഥമിക വിവരം.

വടക്കേ ഇന്ത്യയിൽ ബംഗാള്‍, അസ്സം, ബിഹാര്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമായി 60,000 കോടി രൂപയോളം സമാഹരിച്ചുവെന്നാണ് കമ്പിനിക്കെതിരെയുള്ള ആരോപണം. റോസ് വാലി ഗ്രൂപ്പിന്റെ പേരിലുള്ള 27 കമ്പനികള്‍ വഴിയാണ് തട്ടിപ്പിന് വഴിയൊരുക്കിയത്.

Share
Leave a Comment