ജനീവ: ജനിതക വ്യതിയാനം വന്ന ഇന്ത്യന്‍ വകഭേദത്തിന് (B.1.617) അതിതീവ്ര വ്യാപന ശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടന. കോവിഡിന്റെ രണ്ടാം വരവില്‍ ഏറെ വ്യാപന ശേഷിയുള്ള B.1.617 എന്ന ഇനമാണ് കൂടുതല്‍ കാണപ്പെടുന്നത്. ഇതുവരെ 17 രാജ്യങ്ങളില്‍ ഇന്ത്യന്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ 20നാണ് B.1.617 ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയത്. B.1.617ന്റെ തന്നെ B.1.617.1, B.1.617.2, B.1.617.3 എന്നീ മൂന്ന് വകഭേദങ്ങള്‍ ഇന്ത്യയില്‍ കാണുന്നുണ്ട്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗവ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ രോഗികളില്‍ 50 ശതമാനം ആളുകളിലും ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ ഉപയോഗിക്കുന്ന വാക്‌സിനുകളായ കൊവിഷീല്‍ഡും കൊവാക്‌സിനും ഇതിനെതിരെ ഫലപ്രദമാണെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടര്‍ അനുരാഗ് അഗര്‍വാള്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ച മാത്രം 57 ലക്ഷം ആളുകളാണ് ആഗോളതലത്തില്‍ കോവിഡ് ബാധിതരായത്. ഇതില്‍ 21,72,063 പോസിറ്റീവ് കേസുകളും ഇന്ത്യയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയില്‍ 4,06,001 ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളില്‍ നിന്നെല്ലാം വലിയ സഹായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Post Your Comments