കൊല്ലം; തീരദേശം കേന്ദ്രീകരിച്ചു വിതരണം ചെയ്യാൻ എത്തിച്ച 6 കിലോ കഞ്ചാവ് പോലീസ് കണ്ടെത്തി പിടികൂടി. ഇത് എത്തിച്ചെന്നു കരുതുന്ന ആൾ എക്സൈസ് സംഘത്തെ ആക്രമിച്ച ശേഷം കടന്നുകളഞ്ഞു. ആലപ്പാട് ചെറിയഴീക്കൽ പുത്തൻപുരയ്ക്കൽ ചെറുവക്കൽ വീട്ടിൽ ഡ്യൂക്ക് രമേശൻ ആണ് രക്ഷപ്പെട്ടത്. ഇയാളുടെ വീട്ടിൽ നിന്നാണു കഞ്ചാവ് പോലീസ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്. ഇയാൾ മുൻപും കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആലപ്പാട്, ചെറിയഴീക്കൽ പ്രദേശങ്ങളിൽ വിൽപന നടത്തുന്നതിനായി തമിഴ്നാട്ടിൽ നിന്നു കൊണ്ടു വന്ന കഞ്ചാവാണ് കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന്റെ നേതൃത്വത്തിൽ പിടികൂടിയിരിക്കുന്നത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം വീട്ടിലെത്തുമ്പോൾ 2 കിലോഗ്രാം വീതമുള്ള 3 പാഴ്സലുകൾ പൊട്ടിച്ചിട്ടു ചെറുപൊതികളാക്കാൻ ആരംഭിക്കുകയായിരുന്നു. വീടിന്റെ മറ്റു ഭാഗങ്ങൾ പരിശോധിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം രമേശൻ ഇറങ്ങിയോടി. സ്ഥലത്തെക്കുറിച്ചു നല്ല ധാരണയുള്ള ഇയാൾ അതിവേഗം വീടുകളുടെ മതിലുകൾ ചാടിക്കടന്ന് ഓടിയതിനാൽ പിടികൂടാൻ പോലീസിന് സാധിച്ചില്ല.
എക്സൈസ് ഇൻസ്പെക്ടർ ടി.രാജീവ്, പ്രിവന്റീവ് ഓഫിസർ മനോജ് ലാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, വിഷ്ണു, പ്രസാദ്, അഭിലാഷ്, ഗോപകുമാർ, വിനേഷ്, ജൂലിയൻ ക്രൂസ്, വനിത സിവിൽ എക്സൈസ് ഓഫിസർ ബീന, ഡ്രൈവർ നിതിൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കേസിന്റെ തുടരന്വേഷണം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ബി.സുരേഷ് ഏറ്റെടുത്തു.
Post Your Comments