മുംബൈ: മഹാമാരിയുടെ രണ്ടാം തരംഗം ശക്തിയാര്‍ജിച്ചതോടെ കൊവിഡ് കേസുകള്‍ പിടിവിട്ടുയര്‍ന്നതിനാല്‍ മഹാരാഷ്ട്രയില്‍ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാഴ്ച്ചകള്‍. കൊവിഡ് മഹാമാരി ഏറ്റവും രൂക്ഷതയില്‍ ആഞ്ഞടിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍ പ്രതിരോധപ്രവർത്തനങ്ങൾ വളരെ കുറവാണ്. അതേസമയം മരണനിരക്കും കുതിച്ചുയര്‍ന്നതോടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ക്കും കടുത്ത ക്ഷാമമാണ്.
ഒരു ആംബുലന്‍സില്‍ പ്ലാസ്റ്റിക്ക് ബാഗുകളില്‍ പൊതിഞ്ഞ നിലയില്‍ 22 മൃതദേഹങ്ങള്‍ കുത്തിനിറച്ചുകൊണ്ടുപോകുന്ന കാഴ്ച്ച രാജ്യത്തെ വിറങ്ങലിപ്പിക്കുന്നതാണ്. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബജോഗൈയിലെ സ്വാമി രാമാനന്ദ് തീര്‍ഥ് മറാത്തവാഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ നിന്നും 22 പേരുടെ മൃതദേഹങ്ങള്‍ കുത്തിനിറച്ചുകൊണ്ടുപോകുന്ന ഫോട്ടോയാണ് സംസ്ഥാനത്തെ കൊവിഡ് ഭീകരതയുടെ നേര്‍ക്കാഴ്ച്ചയായത്.
മരിച്ചവരുടെ ബന്ധുക്കള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. സംഭവസ്ഥലത്ത് പൊലീസ് ഉദ്യേഗസ്ഥരും ആശുപത്രി അധികൃതരും സന്നിഹിതരായിരുന്നെങ്കിലും ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ ആരും പ്രതികരിച്ചില്ലെന്നാണ് ചിത്രം പുറത്തുവിട്ടുകൊണ്ട് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഇതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷമായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവധി ദിനമായതിനാല്‍ ടെസ്റ്റിംഗ് കുറഞ്ഞതു കൊണ്ടാകാം എണ്ണവും കുറഞ്ഞതെന്നാണ് വിലയിരുത്തല്‍. അതേസമയം ഡല്‍ഹിയില്‍ മൃതദേഹങ്ങളുമായി ഇരുപതു മണിക്കൂര്‍ വരെയാണു പൊരിവെയിലത്തും ഇരുളിലും എല്ലാവരും ഊഴവും കാത്തിരിക്കുന്നത്.
ശ്മശാനങ്ങളില്‍നിന്ന് ശ്മശാനങ്ങളിലേക്കും ദഹിപ്പിക്കാനവസരം കിട്ടുംവരെ മൃതദേഹം സൂക്ഷിക്കാന്‍ ശീതീകരണ സംവിധാനം തേടിയും ഉള്ള കരളലിയിക്കുന്ന യാത്രകളാണ് ഡല്‍ഹിയിലെങ്ങും. ഓക്‌സിജന്‍ ലഭ്യതയില്‍ ആശ്വാസമുണ്ടെങ്കിലും ഡല്‍ഹിയില്‍ മരണനിരക്കിനു കുറവൊന്നുമില്ല. ചൊവ്വാഴ്ച മാത്രം മരിച്ചത് 380 പേര്‍. ഔദ്യോഗികരേഖകള്‍ പ്രകാരം ഈ മാസം ഇതുവരെ മരിച്ചത് 3601 പേരും. ഡൽഹിയിൽ മരിക്കുന്നവരുടെ കണക്കുകൾ സർക്കാർ മറച്ചു വെക്കുന്നുണ്ടെന്നാണ് നേരത്തെ തന്നെ ആരോപണം ഉയരുന്നത്.
Post Your Comments