ന്യൂഡല്‍ഹി: മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. മുസ്ലീമായിരിക്കുക, അതോടൊപ്പം മാദ്ധ്യമപ്രവര്‍ത്തകനായിരിക്കുക എന്നത് ഇന്ന് ഇന്ത്യയിലെ ഏറ്റവും അപകടകരമായ കോമ്പിനേഷനാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് എഡിറ്റേഴ്സ് ഗില്‍ഡ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ചുകൊണ്ടായിരുന്നു കട്ജുവിന്റെ പ്രതികരണം.
‘അന്യായമായി തടവിലാക്കപ്പെട്ട കാപ്പനു നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തില്‍ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇത്ര ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടന്നിട്ടും സുപ്രീംകോടതി കേസ് വേണ്ട രീതിയില്‍ പരിഗണിക്കാത്തത് ഞെട്ടിപ്പിക്കുന്നതായും’ എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.
കൊവിഡ് ബാധിതനായ കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കാപ്പന്റെ ഭാര്യയും പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകവും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. നിലവില്‍ മഥുരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് കാപ്പന്‍.
Post Your Comments