തിരുവനന്തപുരം: തൃശ്ശൂരില്‍ തിരഞ്ഞെടുപ്പിനു ചെലവഴിക്കാനായി കണക്കില്‍പ്പെടാത്ത പണമെത്തിച്ച രാഷ്ട്രീയപ്പാര്‍ട്ടി ഏതെന്നതില്‍ വ്യക്തതവരുത്താതെ പൊലീസ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയപ്പാര്‍ട്ടി ഏതാണെന്നു വ്യക്തമായിട്ടില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതോടെ ബിജെപിക്കെതിരായ സിപിഎം ആരോപണത്തിന് തെളിവില്ലാതെയായി. സിപിഎമ്മിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപിയും അറിയിച്ചിട്ടുണ്ട്.
കൂടാതെ കുഴല്‍പ്പണക്കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാര്‍. ഈ കേസില്‍ ബിജെപിയെ കൂട്ടിക്കെട്ടുന്നത് സിപിഎമ്മിന്റെ ഗൂഢാലോചനയാണ്. തെരഞ്ഞെടുപ്പ് ഫണ്ട് പാര്‍ട്ടി നല്‍കുന്നത് അക്കൗണ്ട് വഴിയാണ്. ഇതിന് കണക്കുണ്ട്. ദുഷ്പ്രചാരണം നടത്തുന്ന സിപിഎമ്മിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഡ്വ. കെ കെ അനീഷ് കുമാര്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നത് ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളാണെന്ന് ബിജെപി പറയുന്നു.
പാര്‍ട്ടി നല്‍കുന്ന പണം കൂടാതെ ബാക്കി ചെലവിനാവശ്യമായ പണം കണ്ടെത്തുന്നത് പൊതുജനങ്ങളില്‍ നിന്ന് പിരിവെടുത്താണ്. ഈ കണക്കുകളെല്ലാം സുതാര്യമായി കൈകാര്യം ചെയ്യുകയും കൃത്യമായി തെരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് നല്‍കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപി. ഈ വസ്തുതകള്‍ക്ക് വിരുദ്ധമായി ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും അനീഷ് കുമാര്‍ ആരോപിച്ചു.
കേസില്‍ അന്വേഷണം തുടരുകയാണെന്നാണ് ഡി.ജി.പി. കമ്മിഷനെ അറിയിച്ചത്. തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനായി കൊണ്ടുവന്ന മൂന്നരക്കോടി രൂപ വ്യാജ വാഹനാപകടമുണ്ടാക്കി ഗുണ്ടാസംഘം തട്ടിയെടുത്തതാണ് കേസ്. രാഷ്ട്രീയപ്പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന വാര്‍ത്ത വന്നതോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡി.ജി.പി.യോട് വിശദാംശങ്ങള്‍ തേടിയത്. പക്ഷേ, കമ്മിഷനോടുപോലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ ബന്ധം വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല.
രാഷ്ട്രീയപ്പാര്‍ട്ടിബന്ധം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റിലായി. കുഴല്‍പണം തട്ടുന്നതിനു കണ്ണൂര്‍ – കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ പെട്ടവരാണു പ്രതികളെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പിടിയിലായ ദീപക് ബിജെപി പ്രവര്‍ത്തകനാണ്. വാഹനം വാടകയ്ക്കു നല്‍കിയത് അബു ഷാഹിദ് ആണ്.
ബാബു മുഹമ്മദാലിയുടെ വീട്ടുപറമ്പിൽ വച്ചാണു കാറിനുള്ളില്‍ നിന്നു പണം കുത്തിപ്പൊളിച്ചെടുത്തത്. എല്ലാവര്‍ക്കും 2 ലക്ഷം രൂപവീതമായിരുന്നു പ്രതിഫലം എന്നാണു പ്രതികള്‍ നല്‍കിയ വിവരം.
Post Your Comments