മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഐപിഎല്ലില്‍ നിന്ന് പിന്മാറിയ ആര്‍സിബി താരങ്ങള്‍ മുംബൈയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ താരങ്ങളായ ആദം സാംപയും കെയ്ന്‍ റിച്ചാര്‍ഡ്‌സനുമാണ് കുടുങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയ നിരോധനം ഏര്‍പ്പെടുത്തിയതാണ് ഇരുവര്‍ക്കും തിരിച്ചടിയായത്.
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയന്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനു മുന്‍പേ നാട്ടിലെത്താനായിരുന്നു ഇരുവരുടെയും ശ്രമം. എന്നാല്‍ ചൊവ്വാഴ്ച ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. മേയ് 15 വരെയാണ് നിരോധനം. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീണ്ടുപോകാനും സാധ്യതയുണ്ട്.
നാട്ടിലേയ്ക്ക് മടങ്ങാനായി സാംപയും റിച്ചാര്‍ഡ്‌സനും ടീമിന്റെ ബയോ സെക്യുര്‍ ബബിള്‍ വിട്ടിരുന്നു. തുടര്‍ന്ന് ഇരുവരും മുംബൈ വിമാനത്താവളത്തിന് സമീപം താമസിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുവരും മെയ് 15 വരെ ഇന്ത്യയില്‍ തുടരേണ്ടി വന്നേക്കും.
Post Your Comments